ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: തെലങ്കാന എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ ബി.ജെ.പി ശ്രമിച്ചുവെന്നും ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. നേരത്തെ ഡൽഹിയും പഞ്ചാബും ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലെ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിൽ ബിജെപി വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയിലേക്ക് ചേക്കേറാൻ തെലങ്കാന രാഷ്ട്ര സമിതി എം.എൽ.എമാർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ച സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നു. ഇതിന് പിന്നാലെയാണ് സിസോദിയ വിമർശനവുമായി രംഗത്തെത്തിയത്. ഓഡിയോ സന്ദേശത്തിൽ ഷാ ജിയെ കുറിച്ച് പരാമർശമുണ്ടെന്നും ഷാ ജി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും സിസോദിയ പറഞ്ഞു. ഡൽഹിയിൽ ഓപ്പറേഷൻ താമരയും ബി.ജെ.പി പരീക്ഷിച്ചതായി സംഭാഷണത്തിൽ പറയുന്നു. ഡൽഹിയിലെ 43 എഎപി എംഎൽഎമാരെ ബിജെപിയിലേക്ക് മാറാൻ പ്രേരിപ്പിച്ചതായി സിസോദിയ അവകാശപ്പെട്ടു.
എംഎൽഎമാരെ വാങ്ങാൻ 1,075 കോടി രൂപയാണ് സമാഹരിച്ചത്. ഇത് ആരുടെ പണമാണ്? പണത്തിന്‍റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ (ഇഡി) ചുമതലപ്പെടുത്തണമെന്ന് സിസോദിയ പറഞ്ഞു.
തെലങ്കാനയിലെ എംഎൽഎമാരോട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുന്ന സംഭാഷണത്തിന്‍റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. തുടർന്ന് പോലീസ് നടപടി സ്വീകരിച്ചു. നിർണായകമായ മുനുഗോഡ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നാല് ബിആർഎസ് നിയമസഭാംഗങ്ങളെ കൂറുമാറ്റാൻ ശ്രമിച്ചതിന് മൂന്ന് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആന്‍റി കറപ്ഷൻ ബ്യൂറോ കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊലീസ് ഇവരെ വിട്ടയച്ചു.