ഓരോ പശുവിന്റെ സംരക്ഷണത്തിന് ദിവസം 40 രൂപ: ഗുജറാത്തില്‍ വാഗ്ദാനവുമായി ആംആദ്മി പാര്‍ട്ടി

അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗോ പരിപാലനത്തിൽ വലിയ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് ഞായറാഴ്ച രാജ്കോട്ടിൽ വാർത്താസമ്മേളനത്തിൽ കെജ്രിവാൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അലഞ്ഞുതിരിയുന്ന പശുക്കളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കന്നുകാലികൾക്കായി സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും കൂട്ടിച്ചേർത്തു.

“ഡൽഹിയിൽ, ഓരോ പശുവിന്റെയും പരിപാലനത്തിനായി ഞങ്ങൾ പ്രതിദിനം 40 രൂപ നൽകുന്നുണ്ട്. ദില്ലി സർക്കാർ 20 രൂപയും നഗർ നിഗം ​​20 രൂപയും നൽകുന്നു. ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു പശുവിന്‍റെ പരിപാലനത്തിനായി ഞങ്ങൾ പ്രതിദിനം 40 രൂപ നൽകും. അലഞ്ഞുതിരിയുന്ന പശുക്കളെയും പാലുത്പാദനം നിർത്തിയ പശുക്കളെയും സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും ഞങ്ങൾ സംരക്ഷണകേന്ദ്രങ്ങള്‍ നിർമ്മിക്കും.” ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെജ്രിവാള്‍ മറുപടി നല്‍കി.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരാമർശിച്ച കെജ്രിവാൾ ബിജെപിയേയും പ്രതിപക്ഷമായ കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ടെന്ന് കെജ്രിവാൾ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ബിജെപി കോൺഗ്രസിന് നൽകിയിട്ടുണ്ടെന്ന് കെജ്രിവാള്‍ ആരോപിച്ചു.

K editor

Read Previous

എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാരം; സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം ആരംഭിച്ചു

Read Next

ലോകകപ്പ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോം