ചട്ടഞ്ചാലിൽ ഏ.ഏ. റഹീമിന്റെ പ്രസംഗം തടസ്സപ്പെടുത്തി

കാഞ്ഞങ്ങാട്: ലീഗ് എംഎൽഏമാരുടെ അഴിമതിയെക്കുറിച്ച് സംസാരിച്ച ഡിവൈഎഫ്ഐ സംസ്ഥാന സിക്രട്ടറി ഏ.ഏ. റഹീമിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ലീഗ് പ്രവർത്തകരുടെ ശ്രമം. ഇന്നലെ സന്ധ്യയ്ക്ക് ചട്ടഞ്ചാലിലാണ് സംഭവം. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന സിക്രട്ടറി ഏ.ഏ. റഹിം ഇന്നലെ ജില്ലയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് എൽഡിഎഫ് ചട്ടഞ്ചാലിൽ സംഘടിപ്പിച്ച പോതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഡിവൈഎഫ്ഐ നേതാവ് ലീഗ് നേതാക്കളുടെ അഴിമതിയെക്കുറിച്ച് പരാമർശിച്ചത്.

ലീഗ് നേതാക്കളെക്കുറിച്ച് സംസാരിക്കുന്നത് വിലക്കിയ ലീഗ് പ്രവർത്തകർ റഹീമിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ അദ്ദേഹത്തെ കൂവി വിളിക്കുകയായിരുന്നു. നിർത്താതെ തുടർന്ന കൂവലുകളെ അക്ഷോഭ്യനായി നേരിട്ട റഹീം ശക്തമായ ഭാഷയിൽ പ്രസംഗത്തിലൂടെ തിരിച്ചടിച്ചതോടെ ബഹളക്കാർ അടങ്ങുകയായിരുന്നു. ലീഗ് എംഎൽഏമാരായ എം.സി. ഖമറുദ്ദീൻ, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം. ഷാജി, എം.കെ. മുനീർ മുതലായവർ ആരോപണങ്ങളുടെയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും നിഴലിൽ നിൽക്കുമ്പോഴാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

എണ്ണൂറോളം നിക്ഷേപകരിൽ നിന്നും 150 കോടിയോളം രൂപ തട്ടിയെടുത്ത സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് ലീഗ് എൽഡിഎഫിനോടാവശ്യപ്പെടുന്നത്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് അത്ര വലിയ കാര്യമല്ലെന്ന മട്ടിലാണ് യുഡിഎഫ് നേതാക്കളുമുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിക്ഷേപത്തട്ടിപ്പിനിരയായവർ വോട്ട് ചെയ്തില്ലെങ്കിൽ, ജില്ലയിൽ യുഡിഎഫിന് വലിയ ക്ഷീണം സംഭവിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ ക്ഷീണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്്ലീം ലീഗിനെയാണ്. ഈ തിരിച്ചറിവാണ് ചട്ടഞ്ചാലിൽ ഡിവൈഎഫ്ഐ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ കാരണം.

LatestDaily

Read Previous

അമ്പലച്ചിട്ടി 13 ലക്ഷവുമായി മുങ്ങിയ ആൾ തിരിച്ചെത്തിയില്ല

Read Next

അജാനൂർ 5,18 വാർഡുകളിൽ പോരാട്ടംഇഞ്ചോടിഞ്ച് രണ്ടിടത്തും മുസ്്ലീം ലീഗും ഐഎൻഎല്ലും നേർക്ക് നേർ