മിഗോസ് അംഗമായ റാപ്പര്‍ ടേക്ക് ഓഫ്‌ വെടിയേറ്റ് മരിച്ചു

ടെക്‌സാസ്: പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ടേക്ക് ഓഫ്‌ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിപ് ഹോപ് ബാന്‍ഡ് മിഗോസിലെ അംഗമാണ് ടേക്ക് ഓഫ്. തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ടെക്സാസിലെ ഹൂസ്റ്റണിൽ പുലർച്ചെ 2.30 ഓടെയാണ് സംഭവം. ടേക്ക് ഓഫിന് തലയ്ക്കോ കഴുത്തിനോ വെടിയേറ്റതായി ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.

ഹൂസ്റ്റണിലെ ഒരു വിനോദ കേന്ദ്രത്തിൽ ഡൈസ് ഗെയിമിനിടെ ഉണ്ടായ തർക്കത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ വെടിയുതിർക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ 50 ഓളം പേർ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുമായി ബന്ധപ്പെട്ട ഒരു വിവരവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാൻഡിലെ അംഗവും ടേക്ക് ഓഫിന്‍റെ അമ്മാവനുമായ ക്വാവോയും ഗെയിമിൽ ഉൾപ്പെട്ടിരുന്നു.

ടേക്ക് ഓഫിന്‍റെ യഥാർത്ഥ പേര് കിര്‍ഷ്‌നിക് ഖാരി ബാള്‍ എന്നാണ്. 2013-ൽ പുറത്തിറങ്ങിയ ‘വെർസേസ്’ എന്ന ആൽബത്തിലൂടെയാണ് മിഗോസ് എന്ന ബാൻഡ് പ്രശസ്തമായത്. ഈ വർഷം ആദ്യം ബാൻഡ് പിരിച്ചുവിട്ടിരുന്നു.

K editor

Read Previous

തെലങ്കാന സർക്കാർ ബിജെപിയെ പിന്തുണക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

Read Next

ദീപാവലി ആഘോഷത്തിൽ രാജ്യം; യുപിഐ ഇടപാടുകളിൽ സർവ്വകാല റെക്കോർഡ്