ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: കോടതികളുടെ നീണ്ട അവധികൾക്കെതിരെ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ദീപാവലി അവധിക്ക് ശേഷം പരിഗണിക്കും. കേസ് നവംബർ 20ലേക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മുംബൈ സ്വദേശിനിയായ സബീന ലക്ക്ഡെവാലയാണ് ഹർജി സമർപ്പിച്ചത്. ദീപാവലി, ക്രിസ്മസ്, മധ്യവേനലവധി എന്നിവയുടെ പേരിൽ കോടതികൾക്ക് ആഴ്ചകളോളം അവധി അനുവദിക്കുന്നത് നീതി നടപ്പാക്കുന്നത് വൈകിപ്പിക്കുമെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങൾക്ക് ലഭ്യമായ പൊതു അവധിക്ക് പുറമേ ഇത്തരം അവധി ദിനങ്ങളുടെ പേരിൽ വർഷത്തിൽ 70 ദിവസം കോടതികൾ അടച്ചിടുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷ് രാജ് കാലഘട്ടത്തിൽ ഏർപ്പെടുത്തിയ ഇത്തരം അവധി സമ്പ്രദായങ്ങൾ വർത്തമാനകാലത്ത് നീതിന്യായ വ്യവസ്ഥയെ ദുർബലപ്പെടുത്തുകയാണെന്നും ഹർജിയിൽ വിമർശിക്കുന്നു. ഇന്ത്യയിലെ ന്യായാധിപൻമാർ ബ്രിട്ടീഷ് പൗരൻമാരായിരുന്നപ്പോൾ, വേനൽക്കാലം അവർക്ക് ഇവിടെ ബുദ്ധിമുട്ടായതിനാൽ മാത്രമാണ് മധ്യവേനലവധി കൊണ്ടുവന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷവും ഈ അവധി നിലനിൽക്കുന്നതിന് പിന്നിലെ യുക്തിയെയും ഹർജിക്കാരി ചോദ്യം ചെയ്തിട്ടുണ്ട്.