സഹായം ചോദിച്ച് ആരാധകൻ; ഞെട്ടിച്ച് അമിത് മിശ്ര

മുംബൈ: ക്രിക്കറ്റ് താരങ്ങളും ആരാധകരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും ഇടപെടലുകളും പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്രയാണ് ഇത്തവണ വാർത്തകളിൽ ഇടം പിടിച്ചത്. സംഭവം രസകരമാണ്. ആരാധകന്‍റെ ആവശ്യം മറ്റൊന്നുമല്ല. കാമുകിയോടൊപ്പം പുറത്തുപോകാൻ പണം നൽകി സഹായിക്കണമെന്നായിരുന്നു ആരാധകന്‍റെ ആഗ്രഹം. അമിത് മിശ്രയോട് 300 രൂപ മാത്രമാണ് ആരാധകൻ ചോദിച്ചത്, വലിയ തുകയല്ല. കാമുകിയോടൊപ്പം ഡേറ്റിങ്ങിനു പോകാൻ 300 രൂപ തന്ന് സഹായിക്കണം. ഇത് ഓൺലൈനിൽ അയയ്ക്കാമോ എന്നും ആരാധകൻ ട്വിറ്ററിൽ ചോദിച്ചു. കാശ് അയക്കേണ്ടതിനുള്ള മാർഗങ്ങളും കൃത്യമായി പറഞ്ഞായിരുന്നു അഭ്യർത്ഥന.

ചില ആളുകളെങ്കിലും ഇത്തരം ആവശ്യങ്ങൾ നിരസിക്കാറുണ്ട്. എന്നാൽ അമിത് മിശ്ര അത് ചെയ്തില്ല. ആരാധകൻ ആവശ്യപ്പെട്ടതിലും കൂടുതൽ പണം നൽകി പോയി കറങ്ങിയിട്ട് വാ എന്നായിരുന്നു അമിത് മിശ്ര പറഞ്ഞത്. 300 രൂപ ആവശ്യപ്പെട്ടയാൾക്ക് താരം 500 രൂപ നൽകി. പേയ്മെന്‍റിന്‍റെ വിശദാംശങ്ങളും മിശ്ര ട്വിറ്ററിൽ പങ്കുവച്ചു. 500 രൂപ ഇട്ടതിന്‍റെ സ്ക്രീൻ ഷോട്ടിനൊപ്പം ഡേറ്റിങ്ങിന് ആശംസയും നേർന്നു. താരത്തിന്‍റെ ട്വീറ്റിന് താഴെ നിരവധി പേരാണ് അഭിനന്ദന സന്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരുകാലത്ത് ഇന്ത്യൻ സ്പിൻ വിഭാഗത്തിൽ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളായിരുന്നു അമിത് മിശ്ര. 22 ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലും എട്ട് ടി20കളിലും ഇന്ത്യൻ ജഴ്സി അണിഞ്ഞിട്ടുള്ള മിശ്ര 2017 ഫെബ്രുവരിയിലാണ് അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. അതേസമയം ഐ പി എല്ലിൽ താരം മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഐ പി എല്ലിൽ മൂന്നു വട്ടം ഹാട്രിക് വിക്കറ്റുകൾ എന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ഈ വലം കൈയ്യൻ സ്പിന്ന‍ർ.

K editor

Read Previous

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ 

Read Next

വധഭീഷണിയെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി