മിഠായി അമ്മ മോഷ്ടിച്ചതിന് കേസ്; മൂന്ന് വയസുകാരന് മന്ത്രിയുടെ സമ്മാനം

ഭോപ്പാല്‍: മിഠായി കഴിക്കാൻ അനുവദിക്കാത്തതിന് അമ്മയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയ മൂന്ന് വയസുകാരന് സൈക്കിളും മധുരപലഹാരങ്ങളും സമ്മാനം. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് കുട്ടിക്ക് ദീപാവലി സമ്മാനമായി സൈക്കിൾ ഉൾപ്പെടെ സമ്മാനിച്ചത്.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ദെദ്തായിലെ പൊലീസ് സ്റ്റേഷനിലാണ് കുട്ടി പരാതി നൽകിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. വീഡിയോ കണ്ട ശേഷം മന്ത്രി കുട്ടിയെ വിളിച്ച് സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. മന്ത്രി നൽകിയ സൈക്കിളും മധുരപലഹാരങ്ങളും പൊലീസ് കുട്ടിക്ക് കൈമാറി.

മധുരപലഹാരങ്ങൾ മോഷ്ടിച്ചതിന് അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വയസുകാരൻ അച്ഛനോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടർക്ക് പരാതി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ മധുരപലഹാരങ്ങൾ ചോദിച്ചപ്പോൾ അമ്മ കുട്ടിയുടെ കവിളില്‍ തൊട്ട് ലാളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞിരുന്നു. മന്ത്രി നൽകിയ സൈക്കിൾ ഓടിക്കാൻ പൊലീസ് കുട്ടിയെ സഹായിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Read Previous

ഉത്തർപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; സ്ഥിതി ഗുരുതരം

Read Next

പൂർണ അധികാരം അധ്യക്ഷന്; തന്റെ റോൾ പുതിയ അധ്യക്ഷന് തീരുമാനിക്കാമെന്ന് രാഹുൽ ഗാന്ധി