ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മഞ്ചേരി: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യുവാവ് നടുറോഡിൽ കുളിക്കാനിറങ്ങിയത് വൈറലായി. മഞ്ചേരി-കരുവാരക്കുണ്ട് റോഡിൽ കിഴക്ക് പാണ്ടിക്കാടിനും, കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചപ്പോഴാണ് പ്രദേശത്തെ താമസക്കാരനായ ഹംസക്കുട്ടി റോഡിലെ കുഴിയിൽ തോർത്ത് ധരിച്ച് ഇറങ്ങി പ്രതിഷേധിച്ചത്. 300 മീറ്ററോളം നീളത്തിൽ ചെളിക്കുളമായ റോഡിന്‍റെ താഴ്ച്ചയുളള ഭാഗത്ത് കാലുകൾ പിണച്ചു വച്ച് ഇരുന്ന് ബക്കറ്റിൽ വെള്ളം എടുത്ത് തലയിൽ ഒഴിക്കാൻ നേരം കാറിൽ യു.എ.ലത്തീഫ് എംഎൽഎ എത്തി.
അതോടെ ആവേശം വർദ്ധിച്ചു. നാട്ടുകാരും ഒപ്പം ചേർന്നു. പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതോടെ ഹംസക്കുട്ടി സമരത്തിന്‍റെ രൂപം മാറ്റി. എം.എൽ.എ.യുടെ മുന്നിൽ ഒറ്റ കാലിൽ നിന്നാണ് പ്രതിഷേധം തുടർന്നത്. മരണ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു എം.എൽ.എ. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച അദ്ദേഹം കുഴിയിൽ വാഴ വയ്ക്കാൻ നിർദ്ദേശിച്ചു. താനും ദുരിതമനുഭവിക്കുകയാണെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.