ക്വട്ടേഷൻ നേതാവ് മുകേഷിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ്

കാഞ്ഞങ്ങാട് : തൃക്കരിപ്പൂർ നടക്കാവിൽ നീലേശ്വരത്തെ ശൈലേഷ് അമ്പാടിയെ 42, തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന കേസ്സിലെ ഒന്നാംപ്രതി നെല്ലിത്തറ ദീൻദയാൽ കോളനിയിൽ താമസിക്കുന്ന മുകേഷിന് ആദ്യ കവർച്ചാക്കേസ്സിൽ കോടതി നൽകിയ ജാമ്യം റദ്ദാക്കാൻ പോലീസ് നടപടികൾ തുടങ്ങി.

ദുർഗ്ഗാ ഹൈസ്കൂളിനടുത്ത് താമസിക്കുന്ന ദമ്പതികളായ ദേവദാസിനെയും ഭാര്യയേയും ക്വട്ടേഷൻ ഏറ്റെടുത്ത് പട്ടാപ്പകൽ വീട്ടുമുറിയിൽ പൂട്ടിയിട്ട് 40 ലക്ഷം രൂപയും ഇവരുടെ ഇന്നോവ വാഹനവും കവർച്ച ചെയ്ത കേസ്സിൽ രണ്ടാംപ്രതിയാണ് മുകേഷ്. ഒന്നാംപ്രതി മൂന്നാംമൈലിൽ താമസിക്കുന്ന രാജേന്ദ്രപ്രസാദും മൂന്നാംപ്രതി പേരൂർ സ്വദേശി ദാമോദരനും, നാലാംപ്രതി അശ്വിനും അഞ്ചാം പ്രതി പറക്കളായി സ്വദേശി സുരേഷുമാണ്.

പ്രതികൾ എല്ലാവരും മുൻ ആർഎസ്എസ് പ്രവർത്തകരാണ്. ഇൗ കേസ്സിൽ പോലീസിന് പിടികൊടുക്കാതെ നീണ്ട 3 മാസത്തോളം പ്രതികൾ ഒളിവിലായിരുന്നു. പിന്നീട് ,കീഴ്ക്കോടതിയും, ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് മുകേഷ് അടക്കമുള്ള പ്രതികൾ കേസ്സന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

2021 ഡിസംബർ 12-ന് പകൽ 12 മണിക്കാണ് ദേവദാസിന്റെ വീട്ടിൽ പ്രതികൾ കവർച്ച നടത്തിയത്. ഇൗ കേസ്സിൽ മാസങ്ങൾ ജയിലിൽ കഴിഞ്ഞ പ്രതികൾക്ക് ഹൊസ്ദുർഗ്ഗ് കോടതി ജാമ്യം അനുവദിക്കുച്ചപ്പോൾ, നിർദ്ദേശിച്ച ഉപാധി, ജാമ്യത്തിലിറങ്ങിയാൽ കേസ്സിൽ കോടതിയുത്തരവുണ്ടാകുന്നതുവരെ ഇത്തരം മറ്റു ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നാണ്.

ഇപ്പോൾ തൃക്കരിപ്പൂർ നടക്കാവ് തട്ടിക്കൊണ്ടപോകൽ കേസ്സിൽ പ്രതികളായതോടെ രണ്ടാംപ്രതി മുകേഷും, മൂന്നാം പ്രതി പേരൂർ ദാമോദരനും, കോടതിയുടെ ജാമ്യ വ്യവസ്ഥ പാടെ  ലംഘിച്ചിരിക്കയാണ്. ഇതിനാൽ മുകേഷിന്റെയും ദാമോദരന്റെയും ആദ്യ കേസ്സിലെ ജാമ്യം റദ്ദാക്കാൻ പോലീസ് ഹൊസ്ദുർഗ്ഗ് കോടതിക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം.

LatestDaily

Read Previous

ഹണിട്രാപ്പ് യുവതി പരാതിക്കാരനെതിരെ  പയ്യന്നൂർ പോലീസിൽ പരാതി നൽകി

Read Next

ഹൗസ് ബോട്ട് ഇടപാടിനെച്ചൊല്ലി സിപിഎമ്മിൽ അഴിമതിയാരോപണം