സിദ്ദിഖ് കാപ്പന് പ്രതീക്ഷ; കൂട്ടുപ്രതിക്ക് ജാമ്യം ലഭിച്ചു

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ പ്രതിയായ ഹത്രാസ് കേസിൽ ഒരാൾക്ക് ജാമ്യം. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ സംഭവമാണിത്. സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിൽ നിന്ന് യുപിയിലേക്ക് പോവുകയായിരുന്ന കാറിന്‍റെ ഡ്രൈവർ മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കാനുള്ള സാധ്യതയും വർധിച്ചു. സിദ്ദീഖ് കാപ്പൻ സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകുമ്പോൾ ആലമിന് ജാമ്യം ലഭിച്ചുവെന്ന വസ്തുത അദ്ദേഹത്തിന്‍റെ അഭിഭാഷകർ ചൂണ്ടിക്കാണിക്കും.

മുഹമ്മദ് ആലം ഡൽഹി സ്വദേശിയാണ്. 2020 ഒക്ടോബർ 5ന് ഉത്തർപ്രദേശിലെ മഥുര പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സിദ്ദീഖ് കാപ്പൻ, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതിഖുർ റഹ്മാൻ, മസൂദ് അഹമ്മദ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഹത്രാസിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്ന് ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ ഹത്രാസിലേക്ക് പോകുകയായിരുന്ന സിദ്ദീഖ് കാപ്പൻ അവരുടെ വാഹനത്തിൽ കയറുകയായിരുന്നു.

നേരത്തെ ആലമിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. അഭിഭാഷകരായ അമർജീത് സിംഗ് രഖ്‌റ, ബാസിത് മുനി മിശ്ര, ഷാറാന്‍ മുഹിയുദ്ദീൻ ആൽവി, സയ്പാന്‍ ഷെയ്ഖ് എന്നിവരാണ് ആലമിന് വേണ്ടി കോടതിയിൽ ഹാജരായത്.

K editor

Read Previous

‘തല്ലുമാല’ ആഗോള കളക്ഷന്‍ 40-42 കോടി സ്വന്തമാക്കി

Read Next

‘ഇയ്യാള് നമ്മളെ കുഴപ്പത്തിലാക്കും’; ആ ആത്മഗതം ജലീലിന് എതിരെയല്ലെന്ന് കെ.കെ ശൈലജ