കാസർകോട് മീൻ വണ്ടിയിലെത്തിയ കഞ്ചാവ് നാട്ടുകാർ പിടികൂടി

ഒരാൾ പിടിയിൽ ∙ ഉപ്പള സ്വദേശി പുഴയിൽച്ചാടി രക്ഷപ്പെട്ടു.

തലശ്ശേരി: മീൻ വണ്ടിയിലെത്തിച്ച് ഇടപാടുകാർക്ക് കൈമാറുന്നതിനിടെ കഞ്ചാവ് കടത്തുകാരെ നാട്ടുകാർ തടഞ്ഞ് എക്സൈസിന് കൈമാറി.

ഇന്ന് രാവിലെ കൊടുവള്ളി പുതിയ പാലത്തിന് സമീപം പേൾവ്യൂ ഹോട്ടലിന് എതിർവശത്താണ് കഞ്ചാവ് മാഫിയ സംഘം നാട്ടുകാരുടെ പിടിയിലായത്.

കെ.എൽ.14.ഡബ്ളിയു.9221 എയ്സ് വണ്ടിയിലുണ്ടായിരുന്ന കാസർകോട് ഉപ്പള സ്വദേശി കിരൺ, സുഹൃത്തും സഹായിയുമായ ബിപിൻ എന്നിവരാണ് കുടുങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിനിടെ ബിപിൻ കുതറി ഓടി തൊട്ടടുത്ത കൊടുവള്ളി പുഴയിൽ ചാടി മറഞ്ഞു. 

ഇയാളെ കണ്ടെത്താൻ പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ എക്സൈസ് തിരച്ചിൽ നടത്തിവരികയാണ്. നാലര കിലോ കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഹൈഡ്രോളിക് സംവിധാനത്തിൽ പ്രസ് ചെയ്ത് കേക്ക് രൂപത്തിൽ തയ്യാറാക്കിയ ഉണക്കക്കഞ്ചാവാണ് പിടികൂടിയത്.  കാസർകോട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്ന വൻ റാക്കററിലെ കണ്ണികളാണ് തലശ്ശേരിയിലെത്തിയതെന്ന് കരുതുന്നു. ഇവരിൽ നിന്നും കഞ്ചാവ് പൊതി ഏറ്റുവാങ്ങാനെത്തിയ തലശ്ശേരി  സ്വദേശികളെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Previous

മന്ത്രി ഉദ്ഘാടനം ചെയ്ത ഓണച്ചന്ത പോലീസ് മേധാവി പൂട്ടിച്ചു

Read Next

സന്നദ്ധസേവനത്തിന് താത്‌കാലിക വിരാമം