ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിട്ട് ആറ് ദിവസത്തിന് ശേഷമാണ് ഹംബൻടോട്ട തുറമുഖം വിട്ടത്. ശ്രീലങ്കൻ തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യ എതിർത്തിരുന്നു. ഓഗസ്റ്റ് 11ന് നങ്കൂരമിടേണ്ടിയിരുന്ന കപ്പൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ഓഗസ്റ്റ് 16ന് ശ്രീലങ്കൻ തുറമുഖത്തെത്തി.
ഓഗസ്റ്റ് 16 രാവിലെ 8.20ന് ഹംബൻടോട്ട തുറമുഖത്ത് എത്തിയ കപ്പൽ ഇന്ന് വൈകുന്നേരം 4 മണിക്ക് അവിടെ നിന്ന് പുറപ്പെട്ടു. ചൈനയിലെ ജിയാങ് യിൻ തുറമുഖത്തേക്കാണ് കപ്പൽ പോകുന്നത്.
ചൈനയുടെ സാങ്കേതികമായി വളരെ പുരോഗമിച്ച സ്പേസ് ട്രാക്കിംഗ് കപ്പലാണ് യുവാൻ വാങ്5. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ആണ് കപ്പൽ ഹംബൻതോട്ട തുറമുഖ യാർഡിൽ എത്തിയത്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാനും ഈ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗൺ റിപ്പോർട്ട് ചെയ്യുന്നത്. ചാരക്കപ്പൽ ശ്രീലങ്കയിൽ പ്രവേശിക്കുമെന്ന സൂചന പുറത്തെത്തിയത് മുതൽ കേരളത്തിലും തമിഴ്നാട്ടിലും നാവികസേന അതീവജാഗ്രതയിലായിരുന്നു.