ഹണി ട്രാപ്പ് പ്രതികൾക്ക് തെരച്ചിൽ

നീലേശ്വരം: ബസ് കോൺട്രാക്ടർ ചതുരക്കിണറിൽ താമസിക്കുന്ന ശൈലേഷ് അമ്പാടിയെ 42, ഹണിട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കാറും പണവും തട്ടിയെടുത്ത കേസ്സിൽ ഒളിവിലുള്ള പ്രതികൾക്ക് ചന്തേര പോലീസ് തെരച്ചിലാരംഭിച്ചു. ഈ തട്ടിക്കൊണ്ടു പോകൽ കേസ്സിൽ ഒന്നാം പ്രതി കാഞ്ഞങ്ങാട് നെല്ലിത്തറയിൽ താമസിക്കുന്ന മുകേഷിനെ 32, പോലീസ് ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പരാതിക്കാരൻ ശൈലേഷ് അമ്പാടിയെ ജൂലായ് 26 ന് തൃക്കരിപ്പൂർ നടക്കാവിൽ കാറിലെത്തി തട്ടിക്കൊണ്ടുപോയ മുകേഷിന്റെ കൂട്ടുപ്രതികളായ നെല്ലിത്തറയിലെ ദാമോദരൻ, അഴിത്തലയിലെ ചെണ്ടവാദ്യ പരിശീലകൻ ഹരീഷ്, മത്സ്യത്തൊഴിലാളി ശ്രീജിത്ത് എന്നിവർക്ക് വേണ്ടി ഇന്നലെയും പോലീസ് തെരച്ചിൽ നടത്തി.

ഹണിട്രാപ്പിൽപ്പെടുത്തി ശൈലേഷിനെ പയ്യന്നൂരിലേക്കെന്ന വ്യാജേന കൂടെക്കൊണ്ടുപോയ യുവതി വിദ്യയെ 29, പോലീസ് ഈ കേസ്സിൽ ഇനിയും പ്രതി ചേർക്കാതിരുന്നത് സംഭവം സംബന്ധിച്ച് ചില സത്യങ്ങൾ ഇനിയും പുറത്തുവരാൻ ശേഷിക്കുന്നതിനാലാണ്. സംഭവം ഹണിട്രാപ്പ് തന്നെയാണോ, അതോ യുവ ഭർതൃമതിയെ പരാതിക്കാരൻ രഹസ്യമായി സുഹൃത്തിന്റെ കാറിൽ പയ്യന്നൂരിലേക്ക് കൊണ്ടുപോയതാണോയെന്നാണ് ഇനി പുറത്തുവരാനുള്ളത്.

കാരണം, ഭർത്താവ് ചാരായക്കേസ്സിലകപ്പെട്ട് ജയിലിലായപ്പോൾ, സംഭവത്തിന് മുമ്പ് യുവതിയെ താൻ ഒരു ദിവസം കാറിൽ പയ്യന്നൂരിൽ കൊണ്ടു  പോയിരുന്നുവെന്ന് ഹരീഷ് സമ്മതിക്കുന്നുണ്ട്. യുവതി തന്നെ നിരന്തരം ഫോണിൽ വിളിക്കാറുണ്ടെന്നും, ചാറ്റിംഗ് നടത്താറുണ്ടെന്നും ശൈലേഷ് പോലീസിന് നൽകിയ മൊഴിയിൽ സമ്മതിക്കുന്നുണ്ട്.

ജൂലായ് 26- ന് യുവതി ഹരീഷിനൊപ്പം കാറിൽ പയ്യന്നൂരിലേക്ക് പോകുമ്പോൾ , പിന്തുടർന്നെത്തിയ മറ്റൊരു കാറിൽ യുവതിയുടെ ഭർത്താവ് ഹരീഷടക്കം നാലു പേരുണ്ടായിരുന്നു. ഇവരിൽ ഒരാൾ ഇപ്പോൾ അറസ്റ്റിലായ ഒന്നാം പ്രതി മുകേഷും, മറ്റുള്ളവർ  യുവതിയുടെ ഭർത്താവ് ഹരീഷും, ശ്രീജിത്തും, ദാമോദരനുമാണ്.

അഞ്ചാം തരം വിദ്യാർത്ഥിനിയായ യുവഭർതൃമതിയുടെ മകളെ അഴിത്തലയിൽ നിന്ന് ബസ്സിൽ സ്കൂളിലെത്തിച്ചതിനുള്ള ഫീസ് കുടിശ്ശിക 16,000 രൂപ തനിക്ക് കിട്ടാനുണ്ടെന്നും, ഈ പണത്തിന് വേണ്ടി താൻ യുവതിയെ വിളിക്കാറുണ്ടെന്നും, ഇൻഷൂറൻസിൽ ചേരാൻ  യുവതി ആവശ്യപ്പെട്ടതനുസരിച്ച് താൻ അതും ചെയ്തുകൊടുത്തിരുന്നുവെന്നും, പരാതിക്കാരൻ ശൈലേഷ് വെളിപ്പെടുത്തിയിട്ടുണ്ട്.

യുവതിയുമായി ഇതെല്ലാം കൊണ്ടുതന്നെ ശൈലേഷിന് നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് കേസ്സന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണമെങ്കിൽ യുവതിയെ ചോദ്യം ചെയ്ത് എത്രയും വേഗം മൊഴി രേഖപ്പെടുത്തണം. യുവതിയുടെ 164 രഹസ്യമൊഴിയും ആവശ്യമാണെങ്കിൽ ന്യായാധിപൻ മുഖാന്തിരം രേഖപ്പെടുത്തേണ്ടിവരും.

ഇന്നോ നാളെയോ യുവതിയിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവം ഹണിട്രാപ്പാണോ, അതോ സ്വയം സമ്മതത്തോടെയാണോ യുവതി ശൈലേഷിനൊപ്പം കാറിൽ തനിച്ച് പയ്യന്നൂരിലേക്ക് പോയതെന്ന്  ഉറപ്പിക്കാൻ കഴിയും. ഈ സംശയം ആദ്യമേ നിലനിൽക്കുന്നതിനാലാണ് ചന്തേര പോലീസ് ആഗസ്ത് 18 ന് റജിസ്റ്റർ  ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ്സിൽ  യുവതിയെ തൽക്കാലം പ്രതിപ്പട്ടികയിൽ നിന്ന് മാറ്റി നിർത്തിയത്.

ശൈലേഷ് സ്വന്തം മരുമകനോട് പയ്യന്നൂരിൽ പോകാൻ കടമായി വാങ്ങിയ കെഎൽ – 01 – പി -1100 നമ്പർ മാരുതി കാർ ഇപ്പോൾ പ്രതികളുടെ കൈയ്യിലാണ്. ഈ കാർ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

Read Next

വിജ്ഞാന വേദി പ്രഭാഷണത്തിൽ ലീഗ് പ്രവർത്തകരെ തടഞ്ഞ് പച്ചപ്പട