ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ അടക്കം സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് ഗവർണറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങൾ ആവർത്തിച്ചും തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചുമാണ് ഗവർണർ മുന്നോട്ടുപോകുന്നതെന്നും ജനയുഗം ആരോപിച്ചു.

ഗവർണറുടെ നിലപാട് കേരള, കണ്ണൂർ സർവകലാശാലകളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അവരുടെ യശസ്സ് തകർക്കുകയും ചെയ്യുന്നു. സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുംവിധം കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തി. പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ച് ഓർഡിനൻസ് നിയമമാക്കാന്‍ ആണ് സർക്കാർ തീരുമാനം. ഇതോടെ ഗവർണർ സ്വയം പരിഹാസ്യനായാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് ഉന്നത വിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങൾ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു

കേരളത്തിലെയും കണ്ണൂരിലെയും സർവകലാശാലകൾക്കെതിരെ ഗവർണർ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വൈസ് ചാൻസലർമാരെയും സർവകലാശാലകളെയും രാജ്യാന്തര തലത്തില്‍ പോലും പരിഹസിക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. കണ്ണൂരിൽ ചരിത്ര കോൺഗ്രസിൽ നടന്ന പ്രതിഷേധം വി.സി.യുടെ ഒത്താശയോടെയാണ് നടന്നതെന്ന വിലകുറഞ്ഞ പ്രസ്താവനയാണ് നടത്തിയതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

K editor

Read Previous

അതിർത്തിയിലെ കരാറുകൾ ചൈന ലംഘിക്കുന്നു ; എസ്. ജയശങ്കർ

Read Next

നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും