കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ധനസമാഹരണത്തിനായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെ സംഘർഷം. 70 ഓളം പേർക്ക് പരിക്കേറ്റു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് ബീച്ചിൽ പരിപാടി സംഘടിപ്പിച്ചത്. സംഘർഷത്തിൽ എട്ട് പോലീസുകാർക്കും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും പരിക്കേറ്റു. ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പരിക്കേറ്റവർ ചികിത്സതേടി. പാലിയേറ്റീവ് ധനസമാഹരണത്തിനായി ‘555 ദി റെയിൻ ഫെസ്റ്റ്’ മൂന്ന് ദിവസമായി കടൽത്തീരത്ത് നടക്കുന്നുണ്ട്. 40 ഓളം സ്റ്റാളുകളും സംഗീത സാംസ്കാരിക പരിപാടികളും ഇവിടെ ഒരുക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിക്കായുള്ള ടിക്കറ്റുകൾ നേരത്തേതന്നെ ഓൺലൈനിൽ വിറ്റഴിഞ്ഞിരുന്നു. കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്തും വിൽപന ഉണ്ടായിരുന്നു. അവധി ദിവസമായതിനാൽ കൂടുതൽ ആളുകൾ കടൽത്തീരത്തേക്ക് ഒഴുകിയെത്തുകയും അധിക ടിക്കറ്റുകൾ വിൽക്കുകയും ചെയ്തതോടെ തിരക്ക് വർദ്ധിച്ചു. ബീച്ചിന്‍റെ ഒരു വശത്ത് പ്രത്യേകം നിർമ്മിച്ച താൽക്കാലിക സ്റ്റേജിലാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത്രയധികം ആളുകളെ ഉൾക്കൊള്ളാൻ വേദിക്ക് കഴിയാതിരുന്നതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Read Previous

സംസ്ഥാനത്തിന്റെ പേവിഷ വാക്സിൻ ആവശ്യം മൂന്നിരട്ടി കൂടി; ക്ഷാമം രൂക്ഷം

Read Next

‘രാഹുൽ മത്സരിച്ചില്ലെങ്കിൽ മറ്റുള്ളവർ മുന്നോട്ടു വരും’