ഫ്യൂമിയോ കിഷിദ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കോവിഡ്-19 ൽ നിന്ന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. ജപ്പാനിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. “എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വൈറസ് ബാധയിൽ നിന്ന് കരകയറാൻ കിഷിദ ഇപ്പോൾ തന്‍റെ ഔദ്യോഗിക വസതിയിൽ വിശ്രമത്തിലാണ്. ശനിയാഴ്ച രാത്രി ജാപ്പനീസ് പ്രധാനമന്ത്രിക്ക് പനി, ചുമ തുടങ്ങിയ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതായി ജപ്പാനിലെ പ്രാദേശിക മാധ്യമമായ ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു. 65 കാരനായ ജാപ്പനീസ് നേതാവ് കുടുംബത്തോടൊപ്പം ഒരാഴ്ചത്തെ വേനൽക്കാല അവധിയെടുത്ത ശേഷം തിങ്കളാഴ്ച ജോലിയിൽ തിരിച്ചെത്താനിരിക്കുകയായിരുന്നു.

ജപ്പാനിൽ ശനിയാഴ്ച 253,265 അധിക കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ്, 250,000 ലധികം ആളുകൾ കോവിഡ് ബാധിതരാവുന്നത്. ടോക്കിയോയിൽ 25,277 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മിയാഗി, യമഗത, ടോട്ടോരി, ഒകയാമ, ടോക്കുഷിമ പ്രിഫെക്ചറുകളിൽ റെക്കോർഡ് കേസുകൾ സ്ഥിരീകരിച്ചു. ദേശീയതലത്തിൽ 254 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.

K editor

Read Previous

ടിക്‌ടോക്കിലെ രാജാവ്; ഖാബി ലെയിമിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം

Read Next

ഗവര്‍ണറെ പിന്തുണച്ച കെ.സുധാകരനെ പരിഹസിച്ച് എം.വി.ജയരാജന്‍