ഇനി കൊറോണയ്ക്കൊപ്പം ജീവിക്കാം

Covid Kerala

ഇനിയുള്ള കാലം  നമ്മൾ ഭാരത ജനയ്ക്ക്  കൊറോണ  വൈറസിനൊപ്പം കലഹിച്ചും സ്നേഹിച്ചും  ജീവിക്കാം. 

2020 മാർച്ച് 23- നാണ്  കോവിഡ് എന്ന മഹാമാരിയെ അകറ്റി നിർത്താൻ  രാജ്യത്തിന്റെ ആകാശമടക്കമുള്ള  സകല കവാടങ്ങളും സർക്കാർ  താഴിട്ടു പൂട്ടിയത്.

അവിടുന്നിവിടം വരെ നീണ്ട അഞ്ചുമാസക്കാലം  ലോക ചരിത്രത്തിൽ  ഇടം നേടിയ കോവിഡനെ  ഭയന്ന് ജനങ്ങളും  അധികാരികളും കരുതലോടെ കഴിഞ്ഞു,

പ്രജകളുടെ ജീവനിൽ കൊതിയുണ്ടായിരുന്ന അധികാരികൾ  നൽകിയ ” അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുകയെന്ന ” നിർദ്ദേശം ജനങ്ങൾ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുകയും  അക്ഷരം പ്രതി അനുസരിക്കുകയും  ചെയ്തു.

അനുസരിക്കാതിരുന്ന കാൽ ശതമാനം വരുന്ന  ജനങ്ങളിൽ  പലരും  പോലീസ് രജിസ്റ്റർ ചെയ്ത കേസ്സുകളിൽ  ഉൾപ്പെടുകയും ചെയ്തു.

ഇനിയിതാ സപ്തംബർ 1 മുതൽ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും, കവാടങ്ങൾ  വീണ്ടും സ്വാതന്ത്ര്യത്തിന്റെ സത്യത്തിന്റെ  അൾത്താരയിലേക്ക്   തുറന്നിടുകയാണ്.

നീണ്ട അഞ്ചുമാസക്കാലം  നമ്മൾ ഭാരതീയർക്ക്  കോവിഡൻ സമ്മാനിച്ച ദുരിതങ്ങൾ ചെറുതല്ല.

നാട്ടിൽ  പണി നഷ്ടപ്പെട്ടവർ,  ജോലിയിടങ്ങളിൽ എത്തിപ്പെടാൻ  കഴിയാതെ  വിദേശ രാജ്യങ്ങളിൽ അകപ്പെട്ടുപോയവർ,  നാട്ടിലും  വിദേശത്തും  കോവിഡന്റെ കരാളഹസ്തങ്ങളിൽ വലിഞ്ഞു മുറുകി ജീവൻ ബലിയർപ്പിക്കപ്പെട്ടർ,  എവിടെ നിന്നാണെന്ന് പോലുമറിയാതെ കോവിഡൻ നുഴഞ്ഞുകയറിയ ശരീരത്തെ കോറന്റൈൻ കേന്ദ്രങ്ങളിൽ അടച്ചുപൂട്ടി  പ്രാർത്ഥനാ നിർദ്ധരരായി കഴിഞ്ഞവർ, കോവിഡനെ ഒട്ടും വകവെക്കാതെ  സമർപ്പിത സേവനം നടത്തിയ പോലീസ്,  അതിലേറെ  ജീവൻ പണയപ്പെടുത്തി ഈ മഹാമാരിയോട് പൊരുതിയ  ആരോഗ്യ പ്രവർത്തകർ, പ്രാദേശിക ഭരണകൂടങ്ങൾ  എന്നുവേണ്ട, നൂറുശതമാനം ജനങ്ങളും ഒറ്റക്കെട്ടായി,  ഇന്നുവരെ ആരും നഗ്നനേത്രങ്ങൾകൊണ്ട് കാണാതിരുന്ന  കൊറോണയെന്ന സൂക്ഷ്മാണുവിനെ കൈയ്യും മെയ്യും മറന്നുകൊണ്ട്  നേരിടുകയായിരുന്നു.

നീണ്ട അഞ്ചുമാസക്കാലം അക്ഷരാർത്ഥത്തിൽ നമ്മൾ സഹനത്തിന്റെ അഥവാ മൗനത്തിന്റെ നിസ്സഹായതയിൽ നല്ല ഇടയന്റെ സ്നേഹമുള്ള ആട്ടിൻ പറ്റങ്ങളായി  ജീവിക്കുകയായിരുന്നു.

2020 വർഷത്തെ വിഷു ആഘോഷവും  ചെറിയപെരുന്നാളും,  ബലിപെരുന്നാളും,  ഇപ്പോഴിതാ മലയാളിയുടെ  ദേശീയോത്സവമായ തിരുവോണവും  നമുക്ക് അകലങ്ങളിൽ തന്നെയാണ്. രാജ്യത്ത് സംസ്ഥാനത്ത്, ആരുടേതായാലും,  ഒരു ഭരണ ചക്രമുണ്ടെന്നും,  ജനാധിപത്യത്തിന്റെ  അരികുപിടിച്ച്  ആ ഭരണചക്രങ്ങൾക്ക്   രാജ്യത്തെ ജനതയെ എങ്ങിനെയെല്ലാം  പിടിച്ചു നിർത്താമെന്നും,  അപകടത്തിന്റെ  പടുകുഴിയിൽ വീഴാതെ  രക്ഷപ്പെടുത്താമെന്നും  പോയ 5  മാസക്കാലത്തെ കോവിഡ് നിയന്ത്രണ ജീവിതം  നമുക്ക് തന്നിട്ടുള്ളത് ഏറെ ചിന്താനീയമായ തരിച്ചറിവു തന്നെയാണ്.

വിവാഹങ്ങൾ, മരണങ്ങൾ, കായികവിനോദങ്ങൾ,  സാംസ്കാരിക രംഗം, രാഷ്്ട്രീയമേഖല, വിദ്യാഭ്യാസരംഗം അങ്ങിനെ  മനുഷ്യന്റെ സകലമാന ദൈനംദിന ജീവിത ശൈലികളും  കോവിഡൻ മാറ്റിമറിച്ചിരിക്കുകയാണ്.

കോവിഡന്റെ  കുഞ്ഞുങ്ങൾ ജനിച്ചുവളർന്ന ചൈന , ഈ മഹാമാരിയുടെ മാതൃത്വം  ഏറ്റെടുത്ത ഇറ്റലി   എന്നീ രാജ്യങ്ങളിലുണ്ടായ മനുഷ്യ ജീവിതങ്ങളുടെ  തീരാനഷ്ടങ്ങൾ  അറിയുമ്പോൾ,  ഭാരതവും കേരളവും  കോവിഡന്റെ മുന്നിൽ ഒട്ടുംതല കുനിച്ചിട്ടില്ലെന്ന അറിവിൽ ശിഷ്ടകാല ജീവിതത്തിൽ  നമുക്ക് തരുന്ന  പ്രത്യാശകൾ ഒട്ടും ചെറുതല്ല.

2020 ൽ  ഇനിയുള്ള നാളുകൾ നന്മയുടെ പ്രകാശം പരത്തുന്ന മുല്ലപ്പൂക്കളുടെ സൗരഭ്യം കൊണ്ട്  നമ്മുടെ മനസ്സും ശരീരവും വിജൃംഭിതമാ ക്കപ്പെടുന്ന  ഉദാത്ത സ്നേഹത്തിെന്റ, സൗഹൃദത്തിന്റെ സൗഹാർദ്ദത്തിന്റെ  വസന്ത കാലത്തിലേക്ക്   അകലം വിസ്മരിക്കാതെ തന്നെ നമുക്ക്  ആലിംഗനബദ്ധരാകാം.

LatestDaily

Read Previous

സ്കൂൾ ഗ്രണ്ടിൽ തൂങ്ങി മരിച്ചത് പോക്സോ പ്രതി

Read Next

യുവമോർച്ച മാർച്ചിൽ സംഘർഷം, കോൺഗ്രസ്സ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു