സിപിഐ സമ്മേളനം; കെ.എൻ ബാലഗോപാലിനും പിണറായി ബ്രാൻഡിനുമെതിരെ വിമർശനം

കൊല്ലം : സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ മണ്ഡലം കമ്മിറ്റികൾ കൂടുതൽ വിമർശനങ്ങളുമായി രംഗത്തെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലിനെയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പ്രതിനിധികൾ വിമർശിച്ചു. കൊല്ലത്തും പിണറായി ബ്രാൻഡിനെതിരെ വിമർശനം ഉയർന്നു.

കൊല്ലം ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ ധനമന്ത്രി കെ എൻ ബാലഗോപാലിനെ ചില പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. ജിഎസ്ടി കൗൺസിലിൽ പോയി നിശ്ശബ്ദത പാലിച്ച് എല്ലാം അംഗീകരിച്ചു. പിന്നീട് കേരളത്തിൽ വന്ന് തീരുമാനങ്ങൾ എതിർത്തുവെന്ന് മാറ്റിപ്പറയുകയാണെന്നായിരുന്നു വിമർശനം. ഇടത് സർക്കാരിനെ പിണറായി സർക്കാരായി ബ്രാൻഡ് ചെയ്യുന്നതിനെതിരെയും വിമർശനം ഉയർന്നിരുന്നു. ഇത് ശരിയായ രീതിയല്ലെന്ന് വിവിധ മണ്ഡലം കമ്മിറ്റികൾ വിമർശിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ചില പ്രതിനിധികൾ ഉയർത്തിയത്. ലോകായുക്ത വിഷയത്തിൽ പാർട്ടിയുടെ നിലപാട് അണികളെ ബോധ്യപ്പെടുത്തുന്നതിൽ പോലും സെക്രട്ടറി പരാജയപ്പെട്ടു. സിപിഐ മന്ത്രിമാർക്ക് എകെജി സെൻ്ററിൽ നിന്നാണോ നിലപാട് പറഞ്ഞു കൊടുക്കുന്നത് എന്നായിരുന്നു പരിഹാസം. വിഷയത്തിൽ മന്ത്രിസഭയിൽ 15 മിനിറ്റ് ചർച്ച നടന്നിട്ടും മന്ത്രിമാർ എന്തുകൊണ്ട് മൗനം പാലിച്ചു എന്നും ചോദ്യം ഉയർന്നു. ആരോഗ്യവകുപ്പ് പരാജയമാണെന്നും മന്ത്രി വീണാ ജോർജ് വീണപോലെ കിടക്കുന്നു എന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.

K editor

Read Previous

കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജി കോടതി തള്ളി

Read Next

പ്രിയ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഹർജി