ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാർഗനിർദേശങ്ങൾ പാലിക്കാത്ത റെസിഡൻസ് അസോസിയേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. അസ്വാഭാവിക നടപടികൾ ശ്രദ്ധയിൽപ്പെട്ടിട്ടും വിവരം അറിയിക്കാത്തവർക്കെതിരെ കൂട്ടുപ്രതികളായി കേസെടുക്കും. സി.സി.ടി.വികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പാക്കണം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും കമ്മിഷണർ അറിയിച്ചു. കാക്കനാട്ട് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഫ്ലാറ്റിൽ ഒളിപ്പിച്ച പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ പുതിയ നീക്കം.
കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്.
അഞ്ച് സുഹൃത്തുക്കൾ ഒരുമിച്ച് ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്നു. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് സുഹൃത്തുക്കളും ഫ്ലാറ്റിൽ സജീവ് കൃഷ്ണയെ കാണാതെ പരിഭ്രാന്തരായി. സജീവിനൊപ്പം അർഷാദുണ്ടെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞതിനെത്തുടർന്ന് അർഷാദിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കള്ളത്താക്കോലിട്ട് ഒടുവിൽ ഫ്‌ളാറ്റിന്റെ വാതിൽ സുഹൃത്തുക്കൾ തുറന്നു. പുതപ്പിൽ കെട്ടിപ്പൊതിഞ്ഞ നിലയിലുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം ചൂണ്ടിക്കാട്ടിയത് അർഷാദിന്റെ സുഹൃത്ത് ആശിഷായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർഷാദിനെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.