ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലപ്പുറം: ആമസോണിൽ നിന്ന് ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി ലഭിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പുളിക്കൽ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി.ജസീലിന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. വാച്ചിന്‍റെ വിലയായി 3,495 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ 39,592 രൂപയാണ് ജസീലിന് നഷ്ടപരിഹാരമായി ആമസോൺ നൽകേണ്ടി വരിക.
മാർക്കറ്റ് പ്ലേസ് മാത്രമാണെന്നും വിൽക്കുന്ന ഉൽപന്നങ്ങളിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നുമുള്ള ആമസോൺ വാദം ഉപഭോക്തൃ കമ്മീഷൻ അംഗീകരിച്ചില്ല. ഉൽപ്പന്നം വിൽക്കുന്ന സമയത്ത് 250 ഗ്രാം ഭാരം ഉണ്ടായിരുന്നതായും ആമസോൺ അവകാശപ്പെട്ടു. എന്നാൽ, ഉൽപ്പന്നം കൊണ്ടുവന്ന പെട്ടിക്ക് 237 ഗ്രാം മാത്രമാണ് ഭാരമെന്ന് കൺസ്യൂമർ കമ്മീഷനെ അറിയിച്ചതായി ജസീൽ പറഞ്ഞു. ഇതോടെ പെട്ടിയിലുള്ള വസ്തുവിന്റെ ഭാരം വെറും 13 ഗ്രാം മാത്രമാണെന്ന് തെളിഞ്ഞു. ഒറ്റനോട്ടത്തിൽ, ആമസോണിൽ നിന്ന് ബുക്ക് ചെയ്ത വാച്ചിന് ഇതിനേക്കാൾ ഭാരം കൂടുതലാണെന്ന് വ്യക്തമായി.
മൂന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രീതി ശിവരാമനും മുഹമ്മദ് ഇസ്മായിലും അംഗങ്ങളായ മലപ്പുറം ഉപഭോക്തൃ കമ്മീഷൻ ജസീലിന് അനുകൂലമായി ഉത്തരവിറക്കിയത്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് എ പി അബ്ദുറഹിമാൻ ഹാജരായി.