‘ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന കാരണത്താല്‍ പോക്‌സോ കേസ് അവസാനിപ്പിക്കാന്‍ കഴിയുമോ’?

ന്യൂഡല്‍ഹി: ഇരയും പ്രതിയും തമ്മിൽ ഒത്തുതീർപ്പുണ്ടായെന്ന കാരണത്താൽ പോക്സോ കേസ് റദ്ദാക്കാൻ ഹൈക്കോടതിക്ക് കഴിയുമോയെന്ന് സുപ്രീം കോടതി. മുസ്ലീം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സൽ റഹ്മാനെതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്‍റെ മനസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

2018 നവംബറിലാണ് മലപ്പുറം ചെമ്മൻകടവ് പി.എം.എസ്.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനായ ഹഫ്സൽ റഹ്മാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. സ്കൂളിലെ പ്രിൻസിപ്പലിന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി 16 വയസ് മാത്രം പ്രായമുള്ള വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ പ്രതികളുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് ഇരകളുടെ അച്ഛനും അമ്മയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.

എന്നാൽ അച്ഛന്‍റെയും അമ്മയുടെയും സത്യവാങ്മൂലം പരിഗണിച്ച് പോക്സോ കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി തീരുമാനം തെറ്റാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷദ് വി ഹമീദ് ചൂണ്ടിക്കാട്ടി. അതേസമയം, ഹൈക്കോടതിയിൽ കേസ് നടക്കുമ്പോൾ കുട്ടികൾക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് റഹ്മാനു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. ഇപ്പോൾ പ്രായപൂർത്തിയായ മൂന്ന് പെൺകുട്ടികൾക്കും പരാതികളില്ലെന്ന് കാണിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

K editor

Read Previous

കരിപ്പൂർ സ്വർണ കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ

Read Next

ചിറ്റാരിക്കാൽ പെൺകുട്ടിയെ പീഡിപ്പിച്ച ബംഗാളി റിമാന്റിൽ