കൊണ്ടോട്ടി സ്ഫോടക വസ്തു കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: നാല് വർഷം മുമ്പ് വിവാദമുണ്ടാക്കിയ കൊണ്ടോട്ടി സ്ഫോടക വസ്തു കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കർണാടക കൂർഗ് സ്വദേശി സോമശേഖരയെയാണ് (45) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റുമതി ചെയ്തത് സോമശേഖരയായിരുന്നു. 2018ലാണ് ഇത് സംഭവിച്ചത്.

പച്ചക്കറി ലോറിയിൽ നിന്നാണ് 10 ടണ്ണോളം ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തിയത്. ഇത് ജില്ലയിലെ ക്വാറികളിലേയ്ക്ക് എത്തിച്ചതാണെന്നാണ് പറഞ്ഞത്. ഇത് വിധ്വംസക പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്ന ആരോപണവും ശക്തമായിരുന്നു. ലോറിയുടെ ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും അന്നുതന്നെ അറസ്റ്റിലായിരുന്നു. എന്നാൽ ഇത് അയച്ച ആളെ പിടികൂടാനായിരുന്നില്ല. സ്ഫോടക വസ്തുക്കൾ ഏറെ നേരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. ഇത് വിവാദമായതോടെ സമീപത്തെ ക്വാറിയിലേക്ക് മാറ്റുകയായിരുന്നു. ഇത് പിന്നീട് നിർവീര്യമാക്കി.

നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി.ബിനുകുമാർ, എ.എസ്.ഐമാരായ ഷൈജു കളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷക്കീർ സ്രാമ്പിക്കൽ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ സോമശേഖരയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read Previous

ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി എഴുതിത്തള്ളിയ നടപടി; പരാതിക്കാരി കോടതിയെ സമീപിക്കും

Read Next

കരിപ്പൂർ സ്വർണ കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ