എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സ ; റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം 

ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും എൻഡോസൾഫാൻ ദുരിതബാധിതർക്കായി പാലിയേറ്റീവ് കെയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനുപുറമെ ജില്ലാ ആശുപത്രിയിലും മറ്റ് സർക്കാർ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ ടാറ്റാ കോവിഡ് ആശുപത്രിയെ അടിയന്തരമായി എൻഡോസൾഫാൻ പാലിയേറ്റീവ് കെയർ സെന്‍ററാക്കി മാറ്റാൻ കഴിയില്ല. ആവശ്യമെങ്കിൽ ടാറ്റ ആശുപത്രിയെ ഭാവിയിൽ പാലിയേറ്റീവ് കെയർ സെന്‍ററാക്കി മാറ്റാമെന്ന് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കൗൺസൽ നിഷെ രാജൻ ഷോങ്കറും കോടതിയെ അറിയിച്ചു.

അതേസമയം, ജില്ലയിലെ പല ചികിത്സാ സൗകര്യങ്ങളും അപര്യാപ്തമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി എൻ രവീന്ദ്രനും അഭിഭാഷകൻ പി എസ് സുധീറും കോടതിയെ അറിയിച്ചു. ഇക്കാര്യം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. എല്ലാ ചികിത്സാ കേന്ദ്രങ്ങളും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടത്തുന്ന പഠനത്തിന് എല്ലാ പിന്തുണയും സഹകരണവും നൽകാൻ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

K editor

Read Previous

കോഴിക്കോട് മെഡിക്കല്‍ കോളജ് വികസനത്തിന് 12.56 കോടി അനുവദിച്ചു

Read Next

മുംബൈയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് അവതരിപ്പിച്ചു