ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നൂറുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ ഫാഷൻ ഗോൾഡ് പരാതിക്കാർക്ക് കേസ്സ് റജിസ്റ്റർ ചെയ്യാതെ, ഈ പരാതികളത്രയും സിവിൽ സ്വഭാവത്തിൽപ്പെട്ടതാണെന്ന് കാണിച്ചുകൊണ്ട് ചന്തേര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മറുപടി നൽകിയത് ക്രിമിനൽ നടപടി ചട്ടങ്ങളുടെ ലംഘനം.
ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ എന്നറിയപ്പെടുന്ന ചന്തേരയിലെ ടി.കെ. പൂക്കോയ തങ്ങൾക്ക് പടന്ന വടക്കേപ്പുറത്ത് കോലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇ. അബ്ദുൾ റഹിമാന്റെ മകൾ എൻ.പി. നസീമ 32, റൊക്കം പണമായി നൽകിയത് 8 ലക്ഷം രൂപയാണ്.
നസീമയുടെ മക്കളുടെ വിവാഹാവശ്യത്തിന് വേണ്ടി സ്വരൂപിച്ചുവെച്ച 8 ലക്ഷം രൂപ 2017 മാർച്ച് 21-നാണ് ടി.കെ. പൂക്കോയ തങ്ങൾക്ക് നേരിട്ടു നൽകിയത്.
ഫാഷൻ ഗോൾഡ് ജ്വല്ലറികൾ പൂട്ടി പൂക്കോയ തങ്ങൾ മുങ്ങിയതോടെ പണം നഷ്ടപ്പെട്ട എൻ.പി. നസീമയടക്കമുള്ള 12 പേർ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് നൽകിയ പരാതി ചന്തേര പോലീസ് ഇൻസ്പെക്ടർ അന്വേഷിക്കുകയും, നസീമയടക്കമുള്ള പരാതിക്കാർക്ക് കോടതിയുടെ അറിവൊന്നുമില്ലാതെ നേരിട്ട് നൽകിയ മറുപടിയാണ് ക്രിമിനൽ നടപടിച്ചട്ടങ്ങൾക്ക് വിരുദ്ധമായി മാറിയത്.
ചന്തേര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. നിസ്സാം കൈയ്യൊപ്പും പോലീസ് സ്റ്റേഷന്റെ റബ്ബർ സീലും പതിച്ചു നൽകിയ നോട്ടീസിന്റെ നമ്പർ 28/ഇ-2/2020/4 ആണ്.
2020 ആഗസ്ത് 13-ന് വെള്ളക്കടലാസിൽ ഡിടിപി ചെയ്താണ് എസ്എച്ച്ഒ ഒപ്പിട്ട് നസീമയ്ക്ക് നോട്ടീസ് നൽകിയത്.
പോലീസ് നൽകിയ നോട്ടീസിൽ പറയുന്ന കാര്യം ശ്രദ്ധിക്കുക:
താങ്കളുടെ 08-07-2020-ലെ പരാതിയിൽ അന്വേഷണം നടത്തിയതിൽ, പരാതിയിൽ പറഞ്ഞ കാര്യങ്ങൾ കച്ചവട സംബന്ധമായ കരാർ പ്രകാരം, എതിർകക്ഷികളുടെ കമ്പനിയിൽ ഷെയർ നൽകി ലാഭ വിഹിതം ലഭിച്ചിരുന്നതായും, കമ്പനി നഷ്ടത്തിലായതിനാൽ, ഷെയർ തുകയോ ലാഭവിഹിതമോ ലഭിക്കുന്നില്ലെന്നും, പറഞ്ഞിട്ടുള്ളതിനാൽ, ആയത് സിവിൽ സ്വഭാവമുള്ള പരാതി ആയതുകൊണ്ട് സിവിൽ കോടതിയെ സമീപിച്ച് നിങ്ങൾക്ക് പ്രശ്ന പരിഹാരം തേടാവുന്നതാണെന്ന് താങ്കളെ അറിയിച്ചുകൊള്ളുന്നു.
വിശ്വസ്തതയോടെ, സ്റ്റേഷൻ ഹൗസ് ഓഫീസർ, ചന്തേര പോലീസ് സ്റ്റേഷൻ.
സാധാരണ ഗതിയിൽ പണം തട്ടിപ്പിനിരയായവരിൽ നിന്ന് ഇത്തരമൊരു പരാതി ലഭിച്ചാൽ പോലീസ് 420 വകുപ്പ് ചേർത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തശേഷം എതൃകക്ഷികളിൽ നിന്നും, അവരുടെ സ്ഥാപനങ്ങളിൽ നിന്നും പരാതിക്കാധാരമായ തെളിവുകൾ ശേഖരിക്കുകയും കേസ്സ് കോടതിയിലെത്തിക്കുകയുമാണ് ചെയ്യാറുള്ളത്.
ഇനി പരാതി അന്വേഷിച്ചു കഴിയുമ്പോൾ, പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ മൂന്ന് കാരണങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് പരാതിക്കാർക്ക് പോലീസ് വകുപ്പ് അച്ചടിച്ച നോട്ടീസ് നൽകുകയാണ് നടപടിച്ചട്ടം.
ഇങ്ങിനെ നൽകുന്ന നോട്ടീസിൽ
ഒന്ന്: പരാതി തെളിയിക്കാൻ കഴിയാത്തത്.
രണ്ട്: സിവിൽ സ്വഭാവമുള്ളത്.
മൂന്ന്: വാസ്തവ സംഗതിയെ തെറ്റിദ്ധരിച്ചത്.
ഈ വിധത്തിൽ മൂന്ന് കാരണങ്ങളിൽ ഒരു കാരണം കൊണ്ട് കേസ്സുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് പരാതിക്കാരന് നോട്ടീസ്സ് നൽകിയശേഷം, ഇങ്ങിനെ നോട്ടീസ്സ് നൽകിയ കാര്യം ചൂണ്ടി കാണിച്ച് ബന്ധപ്പെട്ട കോടതിക്കും അന്വേഷണോദ്യോഗസ്ഥൻ വിവരം ധരിപ്പിക്കണമെന്നിരിക്കെ, ഫാഷൻ ഗോൾഡ് പരാതികൾ അന്വേഷിച്ച ചന്തേര സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ പോലും റജിസ്റ്റർ ചെയ്യാതെ, പരാതിക്കാധാരമായ കാര്യങ്ങൾ അന്വേഷിക്കുകപോലും ചെയ്യാതെ, പരാതിക്കാർക്ക് നേരിട്ടു നോട്ടീസ്സയച്ചത് പോലീസ് നടപടിച്ചട്ടങ്ങൾക്ക് തീർത്തും വിരുദ്ധമാണ്.
എഫ്ഐആർ റജിസ്റ്റർ ചെയ്തശേഷം പരാതികളിൽ അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ടെത്തിയാൽ സിവിൽ സ്വഭാവമുള്ള പരാതിയാണെങ്കിൽ, അക്കാരയം ചൂണ്ടിക്കാട്ടി പരാതിക്കാരന് നിശ്ചിത ദിവസത്തിനകം കോടതിയെ സമീപിക്കാമെന്ന് അറിയിക്കണം.
അങ്ങിനെ ലഭിക്കുന്ന നോട്ടീസ്സ് കൈപ്പറ്റിയ തീയ്യതി മുതൽ 15 ദിവസത്തിനകം ബന്ധപ്പെട്ട കോടതിയെ സമീപിക്കണമെന്ന് നോട്ടീസിൽ തന്നെ പ്രിന്റ് ചെയ്തുവെച്ചിട്ടിണ്ട്.
ഇവിടെ ക്രിമിനൽ നടപടിച്ചട്ടം പൂർണ്ണമായും മറികടന്നുകൊണ്ട്, നേരിട്ടെടുക്കാവുന്ന കുറ്റം ഉൾപ്പെട്ട പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ, ഫാഷൻ ഗോൾഡ് പരാതികളിൽ പോലീസ് അന്വേഷണം പോലും നടത്താതെ, ഈ പരാതികൾ സിവിൽ സ്വഭാവത്തിലുള്ളതാണെന്ന് എഴുതിക്കൊടുത്തതുമൂലം പരാതിക്കാർക്ക് പോലീസ് ബലത്തിൽ കോടതിയെ സമീപിക്കാനുള്ള അവസരമാണ് ചന്തേര ഐപി, നഷ്ടപ്പെടുത്തിയത്.
ഇനി പരാതിക്കാർ കോടതിയിൽ അന്യായം ബോധിപ്പിച്ചാൽ തന്നെ, പരാതി എന്തുകൊണ്ട് പോലീസിന് നൽകിയില്ലെന്ന് ന്യായാധിപന്റെ ചോദ്യമുയരുകയും ചെയ്യും.
അങ്ങിനെ വന്നാൽ കോടതി ഫയലിലെടുക്കുന്ന പരാതി അണ്ടർ സെക്ഷൻ 156(3) സിആർപിസി പ്രകാരം വീണ്ടും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് കേസ്സ് റജിസ്റ്റർ ചെയ്യാൻ അയച്ചുകൊടുക്കുകയാണ് പതിവ്.
നടപടിച്ചട്ടം തെറ്റിച്ച് പരാതിക്കാർക്ക് വെള്ളക്കടലാസ്സിൽ ചന്തേര പോലീസ് സാധാരണ ഒരു കത്തിനുള്ള മറുപടി പോലൊരു നോട്ടീസ് ഒരിക്കലും കൊടുക്കാൻ പാടില്ലാത്തതാണെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.