ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർത്ഥി വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് മാറ്റി. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ളാറ്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മ്യാൻമറിൽ നിന്നുള്ള റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഡൽഹിയിൽ ഫ്ളാറ്റുകളും പോലീസ് സംരക്ഷണവും നൽകുമെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് തിരുത്തലുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയത്. ഡൽഹിയിലെ ബക്കർവാലയിൽ റോഹിങ്ക്യൻ അനധികൃത കുടിയേറ്റക്കാർക്ക് ഫ്ളാറ്റുകൾ നൽകാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.
എല്ലാ റോഹിങ്ക്യൻ അഭയാർത്ഥികളെയും ഡൽഹിയിലെ ബക്കർവാല പ്രദേശത്തെ ഫ്ളാറ്റുകളിലേക്ക് മാറ്റുമെന്നും അവർക്ക് ഡൽഹിയിൽ അടിസ്ഥാന സൗകര്യങ്ങളും പോലീസിന്റെ സുരക്ഷയും നൽകുമെന്നും പുരി ട്വീറ്റ് ചെയ്തിരുന്നു. ‘അഭയം തേടിയവരെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു. 1951ലെ യുഎൻ അഭയാർഥി കൺവൻഷനെ ഇന്ത്യ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വംശമോ മതമോ നോക്കാതെ എല്ലാവർക്കും അഭയം നൽകുന്നു’, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.