ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് രാജസ്ഥാനിൽ തൊട്ടുകൂടായ്മയുടെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലിക്കൊന്നിരിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യ സ്വാതന്ത്ര്യപൂർവ്വ സാഹചര്യങ്ങളിൽ നിന്നും ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ലെന്നതാണ് രാജസ്ഥാനിലെ ശിശുഹത്യയിലൂടെ മനസ്സിലാക്കേണ്ടത്.
രാജ്യത്ത് നിർമ്മിത രാജ്യസ്നേഹത്തിന്റെ കെട്ടുകാഴ്ചകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യൻ റിപ്പബ്ലിക്കിന് തന്നെ അപമാനമാകുന്ന വിധത്തിൽ ജാതിയുടെ പേരിൽ ഗുരു സ്വന്തം ശിഷ്യനെ നിഷ്ഠൂരമായി അടിച്ചുകൊന്നത്. തൊട്ടുകൂടായ്മയും അയിത്തവും ക്രിമിനൽ കുറ്റമാക്കിയ രാജ്യത്ത് മനുസ്മൃതിയുടെ ഭൂതാവേശം തലയിൽക്കയറി ലക്കുകെട്ട മനുഷ്യനാമധാരികളുടെ വംശം നാമാവശേഷമായിട്ടില്ലെന്നത് ലജ്ജാകരമാണ്.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ദളിതന് സവർണ്ണന്റെ പാത്രങ്ങളിൽപ്പോലും തൊടാനാവകാശമില്ലെങ്കിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ വെറും ചടങ്ങുകൾ മാത്രമാണ്. വരളുന്ന തൊണ്ട നനയ്ക്കാൻ ഒരിറ്റ് വെള്ളം കുടിച്ചതിന്റെ പേരിൽ ഗുരു ശിഷ്യനെ തല്ലിക്കൊല്ലുന്നുണ്ടെങ്കിൽ, സ്വാതന്ത്ര്യത്തിന് എന്തോ തകരാറുണ്ടെന്ന് തന്നെയാണർത്ഥം. ഇന്ത്യൻ ദേശീയതയെ ഓർമ്മിപ്പിക്കാൻ മൂന്ന് ദിവസം ദേശീയ പതാകയുയർത്താൻ പൗരനെ ഭരണകൂടം ഉദ്ബോധിപ്പിച്ചതിന് പിന്നാലെയാണ് രാജസ്ഥാനിലെ ശിശുഹത്യ നടന്നത്.
സ്വാതന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ എന്താണ് സ്വാതന്ത്ര്യമെന്നത് ചർച്ചാവിഷയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജാതിപ്പിശാച് ഇന്ത്യയിൽ മുടിയഴിച്ച് തുള്ളുന്നുണ്ടെങ്കിൽ, നമ്മൾ നേടിയ സ്വാതന്ത്ര്യം ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ലെന്ന് തന്നെയാണ് അർത്ഥം. മത നിരപേക്ഷത അടിസ്ഥാന ശിലയായി സങ്കൽപ്പിച്ചാണ് ഇന്ത്യൻ ഭരണഘടന നിർമ്മിച്ചിരിക്കുന്നതെങ്കിലും, ഇന്ത്യയിൽ കൊടികുത്തി വാഴുന്ന ജാതീയത ഭരണഘടനയുടെ അടിസ്ഥാനശിലകളെ അസ്ഥിരമാക്കുന്നു.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പൗരന്റെ ഭരണഘടനാവകാശങ്ങൾക്ക് മേൽ കടന്നുകയറ്റമുണ്ടായത് അടിയന്തിരാവസ്ഥക്കാലത്താണ്. ഭരണഘടനാദത്തമായ അവകാശങ്ങളെ മുഴുവൻ കവർന്നെടുത്ത അടിയന്തിരാവസ്ഥ രണ്ട് വർഷക്കാലത്തോളമാണ് ഇന്ത്യയിൽ നിലനിന്നത്. അടിയന്തിരാവസ്ഥയുടെ പ്രച്ഛന്ന വേഷങ്ങൾ രാജ്യത്ത് ഇപ്പോഴുമുണ്ട്. അതിന്റെ പ്രകടോദാഹരണമാണ് പാർലമെന്റിൽ പല പ്രതിഷേധ വാക്കുകൾക്കും കൽപ്പിച്ച വിലക്ക്.
രാജ്യസഭയിൽ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കിയ നടപടിയും രാജ്യം കണ്ടത് ആസാദി കാ അമൃത് മഹോത്സവം എന്ന പേരിൽ സ്വാതന്ത്ര്യവാർഷികാചരണം നടക്കുന്ന അവസരത്തിൽ തന്നെ. മനുസ്മൃതി രചിക്കപ്പെട്ട ഇരുണ്ട കാലഘട്ടത്തിൽ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോഴും, ജാതീയതയുടെ പേരിലുള്ള ആക്രമങ്ങൾ തുടരുന്നുണ്ടെങ്കിൽ, അത് ഇന്ത്യയുടെ ഗതികേടും ശാപവുമാണ്.
ജാതിമതിലുകൾ നിലനിൽക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ എത്ര നടത്തിയാലും പ്രയോജനവുമുണ്ടാകില്ല. സമ്പന്നൻ അതി സമ്പന്നനും ദരിദ്രൻ അതിദരിദ്രനുമാകുന്ന ഇന്ത്യൻ സാഹചര്യത്തിൽ സ്വാതന്ത്ര്യമെന്നത് സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് വേണം കരുതാൻ.