ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഖില ഭാരതീയ ഹിന്ദു മഹാസഭ ഉത്തർപ്രദേശിൽ സംഘടിപ്പിച്ച തിരംഗ യാത്രയിൽ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ ചിത്രം പ്രദർശിപ്പിച്ചത് വിവാദം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിന്ദു മഹാസഭ തിങ്കളാഴ്ചയാണ് തിരംഗ യാത്ര സംഘടിപ്പിച്ചത്. മുസാഫർനഗറിൽ നടന്ന പരിപാടിയിൽ ഗോഡ്സെയുടെ ചിത്രം വാഹനത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്നു.
മഹാത്മാ ഗാന്ധിയെ വധിക്കാൻ ഗോഡ്സെ നിർബന്ധിതനായത് അദ്ദേഹം പിന്തുടർന്ന നയങ്ങൾ മൂലമാണെന്നായിരുന്നു ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വർമ്മയുടെ പ്രതികരണം. തിരംഗ യാത്രയ്ക്കിടെ നിരവധി നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയെന്നും അവരിൽ ഒരാളാണ് ഗോഡ്സെയെന്നും യോഗേന്ദ്ര വർമ്മ പറഞ്ഞു.
‘തിരംഗ യാത്രയിൽ, ഞങ്ങൾ നിരവധി വിപ്ലവകാരികളുടെ ഫോട്ടോകൾ വച്ചിരുന്നു, അവരിൽ ഒരാളായിരുന്നു ഗോഡ്സെ. ഗോഡ്സെ കോടതിയിൽ സ്വയം കേസ് വാദിക്കുകയായിരുന്നു. ഗാന്ധിജിയുടെ ചില നയങ്ങൾ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജനകാലത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെട്ടു, ഇതിന് ഉത്തരവാദി ഗാന്ധിജിയാണ്’. ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. തിരംഗ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഗോഡ്സെയുടെ ചിത്രത്തിന്റെ പേരിൽ ഹിന്ദു മഹാസഭയ്ക്കെതിരെ രൂക്ഷവിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.