ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാസപരിശോധന റിപ്പോർട്ട് ലഭിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: സ്വന്തം പിതാവ് പതിനഞ്ചുകാരിയായ മകളെ ഗർഭിണിയാക്കിയ പോക്സോ കേസ്സിൽ പോലീസ് ശേഖരിച്ച ഭ്രൂണം പിതാവിന്റേതു തന്നെയാണെന്ന് രാസപരിശോധനയിൽ കണ്ടെത്തി. ഇതു സംബന്ധിച്ച കെമിക്കൽ അനലൈസ് റിപ്പോർട്ട് ഹൊസ്ദുർഗ് പോലീസിന് ലഭിച്ചു.
കാഞ്ഞങ്ങാട് നഗര പരിധിയിൽപ്പെട്ട ഒമ്പതാംതരം വിദ്യാർത്ഥിനിയാണ് സ്വന്തം പിതാവിന്റെ ലൈംഗിക ചൂഷണത്തിനിരയായി ഗർഭം ധരിച്ചത്. മാതാവ് വീട്ടിലില്ലാത്ത നേരങ്ങളിലെല്ലാം പിതാവ് പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചു.കാര്യം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് മകളെ പിതാവ് ഭീഷണിപ്പെടുത്തി.
മാതാവ് പകൽനേരങ്ങളിൽ കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തു പോകാറുണ്ട്. പിതാവിന് ജോലിയൊന്നുമില്ല. ഗൾഫിൽ നിന്ന് മൂത്ത മകൻ പ്രതിമാസം അയച്ചു കൊടുക്കാറുള്ള ചുരുങ്ങിയ തുക കൊണ്ടാണ് മൂന്നംഗ കുടുംബം ജീവിച്ചു പോന്നിരുന്നത്.
എട്ടാം തരം മുതൽ പെൺകുട്ടിയെ സ്വന്തം പിതാവ് വീട്ടിൽ ആരുമില്ലാത്തപ്പോൾ ലൈംഗിക ബന്ധത്തിനുപയോഗിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഗർഭിണിയായപ്പോൾ, മാതാവിനോട് പോലും പറയാതെ പെൺകുട്ടിയെ പിതാവ് തന്നെയാണ് ഗർഭഛിദ്രം നടത്താൻ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.
കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിൽ സ്കാൻ ചെയ്തപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് പുറത്തുവന്നത്. സ്കാനിംഗ് വിദഗ്ധയായ ഡോക്ടർ വിവരം പോലീസിന് കൈമാറുമ്പോഴേക്കും പിതാവ് പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ എത്തിച്ചിരുന്നു.
അവിടെ ഗർഭഛിദ്രം നടത്തുന്നതിനുള്ള ഒരുക്കങ്ങൾക്ക് തൊട്ടുമുമ്പാണ് പോലീസ് പെൺകുട്ടിയേയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് പെൺകുട്ടിയെ നിയമപരമായി പരിയാരം മെഡിക്കൽ കോളേജിൽ ഗർഭഛിദ്രം നടത്തി രക്ഷപ്പെടുത്തി.
പെൺകുട്ടിയുടെ മൂന്നാഴ്ചയിൽ താഴെ പ്രായമുള്ള ഭ്രൂണമാണ് പോലീസ് രാസപരിശോധനയ്ക്ക് തിരുവനന്തപുരം സർക്കാർ ലാബിലേക്കയച്ചത്. ഈ ഭ്രൂണ പരിശോധനാ ഫലമാണ് മൂന്ന് മാസങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തുവന്നത്. പ്രമാദമായ ഈ പോക്സോ കേസ്സിൽ പെൺകുട്ടിയുടെ പിതാവ് 3 മാസമായി ജയിലിലാണ്.