മൂല്യങ്ങൾ വളർത്തിയെടുക്കണം

സ്വത്തിനുവേണ്ടി കുടുംബാംഗങ്ങളെ ഒന്നാകെ വിഷംകൊടുത്തു കൊല്ലാനുള്ള യുവാവിനെ പദ്ധതിയിൽ പെൺകുട്ടി കൊല്ലപ്പെട്ടത് ജില്ലയെ ഞെട്ടിക്കുന്ന സംഭവമായി.

അച്ഛനും അമ്മയ്ക്കും സഹോദരിക്കുമടക്കം ഐസ്ക്രീമിൽ വിഷം കലക്കി കൊടുത്ത യുവാവ് സ്വന്തം സഹോദരിയെ തന്നെയാണ് കൊന്നതെന്നത് സങ്കടകരമായ കാര്യമാണ്.

ആധുനികകാല യുവതലമുറയുടെ ചിന്തകൾ ഏതു വഴിക്കാണ് സഞ്ചരിക്കുന്നതെന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് കാസർകോട് ജില്ലയിലെ ബളാലിൽ നടന്നതെന്ന് കാണാം . സ്വന്തം സുഖസൗകര്യങ്ങളിൽ മാത്രം ശ്രദ്ധചെലുത്തുന്ന ഒരു തലമുറ പതിയെപ്പതിയെ വളർന്നുവരുന്നുണ്ടെന്നുവേണം മനസ്സിലാക്കാൻ. സ്വന്തം മാതാവിനെയടക്കം യുവാവ് കൊല ചെയ്യാൻ ശ്രമിച്ചത് ആർഭാട പൂർണ്ണമായ ജീവിതം ഒറ്റയ്ക്ക് നയിക്കാനാണെന്ന് വ്യക്തം.

കുടുംബബന്ധങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്ത ആധുനിക യുവതയുടെ നേർരൂപമാണ് ബളാലിൽ ലോകം കണ്ടത്. കുടുംബ ബന്ധങ്ങളിൽ വന്ന വിള്ളലുകളാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.

അണുകുടുംബങ്ങൾ മാത്രമുള്ള ആധുനികകാലത്ത് സ്വാർത്ഥരായ ഒരു സമൂഹം ഇതിന്റെ ഉപോത്പന്നമായി വളർന്നുവരുന്നുണ്ടെന്നുള്ളത് യാഥാർഥ്യമാണ്. പകുത്തും, പങ്കിട്ടും,  സ്നേഹിച്ചും ജീവിച്ച പഴയ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും നാം എത്തിച്ചേർന്നിരിക്കുന്നത് അവനവന്റെ സ്വർഗ്ഗങ്ങൾ തീർക്കുന്ന പുതിയ കാലഘട്ടത്തിലേക്കാണ്.

യാന്ത്രികമായൊഴുകുന്ന ജീവിതകാലത്ത് മാനുഷിക മൂല്ല്യങ്ങളും രക്ത ബന്ധങ്ങളുമെന്നത് വെറും കടങ്കഥയാകുന്നുവെന്നതാണ്  യാഥാർത്ഥ്യം. മാനുഷിക ബന്ധങ്ങൾ മറന്നുപോകുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏറ്റവും ഒടുവിലത്തേതായിരിക്കട്ടെ ബളാലിൽ നടന്ന സംഭവമെന്ന് ആശിക്കാൻ മാത്രമേ സമൂഹത്തിന് കഴിയു.       

വരാനിരിക്കുന്ന തലമുറയെങ്കിലും നേരായ വഴിയിലൂടെ നടക്കാനുതകുന്ന പ്രവർത്തനങ്ങൾ ഓരോരുത്തരും ഏറ്റെടുത്താൽ മാത്രമേ ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കുകയുള്ളൂ. സമൂഹത്തിന്റെ ചെറു ഘടകം  കുടുംബങ്ങൾ ആയതിനാൽ ഓരോ കുടുംബവും മക്കളെ മാനുഷിക മൂല്യങ്ങളുടെയും രക്തബന്ധത്തിന്റെയും  വില പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്.

ഓരോ മനുഷ്യനിലും ഒരു കുറ്റവാളി ഒളിഞ്ഞിരിക്കുന്നുണ്ട്. തന്റെ ജീവിത പരിസരങ്ങളാണ്  ഒരു കുറ്റവാളിയെ വളർത്തുന്നതും ഇല്ലാതാക്കുന്നതും. മാതാപിതാക്കൾ മക്കളുടെ യജമാനന്മാരാണെന്ന ഭാവം  വെടിഞ്ഞ് മക്കളോട് തുറന്നു സംസാരിക്കുകയും, അവരുടെ പ്രശ്നങ്ങൾക്ക്  ചെവി കൊടുക്കുകയും ചെയ്താൽ തന്നെ ആരോഗ്യപൂർണ്ണമായ ഒരു തലമുറ  വളർന്നുവരും.

LatestDaily

Read Previous

ആസ്വാദകരെ സംഗീതമഴയിൽ നനയിച്ച് അളക

Read Next

ഏ.ഹമീദ് ഹാജിയുടെ മകളുടെ ഭർത്താവ് കുവൈത്തിൽ അന്തരിച്ചു