പൊതു ഫിൽറ്ററിൽനിന്ന് വെള്ളം കുടിച്ചു; അധ്യാപകന്റെ മർദനമേറ്റ ദളിത് വിദ്യാർത്ഥി മരിച്ചു

ജയ്പൂർ: പൊതു ഫിൽറ്ററിൽനിന്ന് വെള്ളമെടുത്തു കുടിച്ചതിന് അധ്യാപകൻ ക്രൂരമായി മർദിച്ച ദളിത് വിദ്യാർഥി മരിച്ചു. അധ്യാപകന്‍റെ മർദ്ദനമേറ്റ ഒമ്പത് വയസുകാരനാണ് മരിച്ചത്.
രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ചയാണ് മരിച്ചത്.

ചയിൽ സിങ് (40) എന്ന അധ്യാപകനെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ മേഖലയിലെ ഇന്റർനെറ്റ് സംവിധാനം റദ്ദാക്കി. വിദ്യാർഥിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞെട്ടൽ രേഖപ്പെടുത്തി.

“ജലോറിലെ സെയ്‌ല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപകന്റെ മർദനത്തെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം ദാരുണമാണ്. പ്രതിക്കെതിരെ കൊലപാതകം, എസ്‌സി / എസ്‌ടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണത്തിനും നിർദേശം നൽകി” മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

വെള്ളം കുടിച്ചതിന് തന്റെ മകനെ അധ്യാപകനായ ചയിൽ സിങ് ക്രൂരമായി മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. മുഖത്തും ചെവിയിലും പരുക്കുണ്ടായിരുന്നു. ബോധം മറയുന്ന നിലയിൽവരെ കുട്ടി എത്തി. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് പിന്നീട് കുട്ടിയെ ഉദയ്പുരിലേക്കും ഗുജറാത്തിലെ അഹമ്മദാബാദിലേക്കും കൊണ്ടുപോവുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.

K editor

Read Previous

‘സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ട്’

Read Next

എല്ലാ പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും നാളെ പതാക ഉയർത്തുമെന്ന് സിപിഐഎം