ദേശീയപതാക കൈമാറുന്നതിനിടെ ജാതിപ്പേര് വിളിച്ചെന്ന് ആക്ഷേപം

പാലക്കാട്: ദേശീയപതാക കൈമാറുന്നതിനിടെ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനെ ബിജെപി അംഗങ്ങള്‍ ജാതിപ്പേർ വിളിച്ച് അധിക്ഷേപിച്ചതായി പരാതി. പാലക്കാട് മലമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രാധിക മാധവനാണ് പൊലീസിൽ പരാതി നൽകിയത്. പതാക വാങ്ങാൻ തയ്യാറാകാത്തതിലൂടെ രാധിക ദേശവിരുദ്ധതയാണ് പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.

കഴിഞ്ഞ ദിവസം രണ്ട് ബി.ജെ.പി പഞ്ചായത്തംഗങ്ങൾ പ്രസിഡന്‍റിന് പതാക കൈമാറാനെത്തിയിരുന്നു. രാധിക ഈ ആവശ്യം അംഗീകരിക്കുകയും ഫോട്ടോ എടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. ദേശീയപതാക വാങ്ങി ദേശീയ നേതൃത്വത്തിന് അയച്ചുകൊടുത്തതിന്‍റെ തെളിവ് വേണമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. തുടർന്ന്, സെൽഫിയെടുത്തും വീഡിയോയെടുത്തും പ്രചരിപ്പിക്കുന്ന ഒന്നല്ല ദേശസ്നേഹമെന്നും ഇത്രയും കാലം താൻ അതല്ല കണ്ടിരിക്കുന്നതെന്നും തനിക്ക് അതിൽ താൽപ്പര്യമില്ലെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ഇതിന്‍റെ പേരിൽ ഓഫീസ് ജീവനക്കാരും നാട്ടുകാരും കേൾക്കെ പ്രസിഡന്‍റിനെ അസഭ്യം പറഞ്ഞെന്നാണ് ആരോപണം. വ്യക്തിപരമായി അപമാനിച്ചതിനു പുറമേ ജാതിപ്പേർ വിളിച്ച് അപമാനിക്കുകയും ചെയ്തു. ഫോട്ടോയെടുത്ത് ദുരുപയോഗം ചെയ്യാനായിരുന്നു ബിജെപി അംഗങ്ങളുടെ ശ്രമമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

K editor

Read Previous

ഖജനാവിൽ പണമുണ്ടെങ്കിലേ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ; നിർമല സീതാരാമൻ

Read Next

75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് സംസ്ഥാനം ഒരുങ്ങി