മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹർജികൾ ഇനി മുതൽ സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എം.വി. രമണ അധ്യക്ഷനായ ബെഞ്ച്, ജസ്റ്റിസ് എം.ആർ. ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ രജിസ്ട്രിയോട് നിർദ്ദേശിച്ചു. നേരത്തെ ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ചിന് മുമ്പാകെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചത്

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സേവ് കേരള ബ്രിഗേഡി വേണ്ടി ഹാജരായ അഭിഭാഷകൻ വിൽസ് മാത്യൂസ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെ..ഞ്ച് ഹർജികൾ ജസ്റ്റിസ് എം ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിൻ മുമ്പാകെ ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. എന്നാൽ ഹർജി എപ്പോൾ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് വ്യക്തമാക്കിയിട്ടില്ല.

മുൻപ് ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ മേൽനോട്ട സമിതിക്ക് സമ്പൂർണ്ണ അധികാരം നൽകി ഉത്തരവിറക്കിയിരുന്നു. പാർലമെന്റ് പാസ്സാക്കിയ ഡാം സുരക്ഷ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള ദേശിയ ഡാം സുരക്ഷ അതോറിറ്റിയിൽ നിക്ഷിപ്തമായ അധികാരങ്ങളാണ് സുപ്രീംകോടതി മേൽനോട്ട സമിതിക്ക് കൈമാറിയത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാർ പ്രൊട്ടക്ഷന്‍ മൂവമെന്റ്, എന്നീ സംഘടനകളും നൽകിയ ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.

K editor

Read Previous

ലൈംഗിക പീഡനക്കേസുകളുടെ വിചാരണ ഇൻ ക്യാമറ മാത്രമേ നടത്താവൂ; സുപ്രീംകോടതി

Read Next

ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കൊള്ള; 20 കോടി കവര്‍ന്നു