ഫാഷൻ ഗോൾഡ് പരാതികളിൽ പോലീസ് നടത്തിയത് കടുത്ത ചതിയും വഞ്ചനയും

കാഞ്ഞങ്ങാട്: നൂറുകോടി രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത ഫാഷൻ ഗോൾഡ് ജ്വല്ലറിത്തട്ടിപ്പിൽ ചന്തേര പോലീസ് നടത്തിയത് കടുത്ത ജന വഞ്ചനയും പട്ടാപ്പകൽ അട്ടിമറിയും.

ലാഭവിഹിതമെന്ന പലിശ പ്രതീക്ഷിച്ച് ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട 12 പേരാണ് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയെ നേരിൽക്കണ്ട് പരാതി സമർപ്പിച്ചത്.

പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്നും, സങ്കടപ്പെടേണ്ടതില്ലെന്നും, പറഞ്ഞാണ് പോലീസ് മേധാവി സ്ത്രീകളടക്കമുള്ള 12 പരാതിക്കാരെയും തിരിച്ചയച്ചത്.

പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പോലീസ് മേധാവി ഈ പരാതികൾ കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി. വിനോദിന്  കൈമാറുകയും, ഡിവൈഎസ്പി  ഈ പരാതികളത്രയും അന്വേഷിക്കാൻ ചന്തേര പോലീസ് ഇൻസ്പെകടർ എസ്. നിസ്സാമിന് കൈമാറുകയും ചെയ്തു.

2020 ജൂൺ 29-നാണ് ആലപ്പുഴ സ്വദേശിയായ ഐ.പി, എസ്. നിസ്സാം ചന്തേരയിൽ ചുമതലയേറ്റത്.  ഐ.പി ചുമതലയേറ്റ് ഒരാഴ്ച്ചയ്ക്ക് ശേഷം ജൂലായ് ആദ്യവാരത്തിലാണ് ഫാഷൻ ഗോൾഡിന് എതിരായ 12 പരാതികളും  ഐ.പി നിസ്സാം കാഞ്ഞങ്ങാട് ഡിവൈഎസ്പിയിൽ നിന്ന് അന്വേഷണത്തിന് ഏറ്റുവാങ്ങിയത്.

ഈ പരാതികളിൽ നിയമോപദേശം തേടുന്നതിന് ഐ.പി, ആദ്യം ഹോസ്ദുർഗ്ഗ്  ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക്  പ്രോസിക്യൂട്ടർക്ക് അയച്ചുകൊടുക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ 12 പരാതികളും തന്നേക്കാൾ പരിചയമുള്ള നിയമജ്ഞനെക്കൊണ്ട് അഭിപ്രായമാരായണമെന്നെഴുതി പോലീസിന് തന്നെ തിരിച്ചു കൊടുത്തു.

ചന്തേര പോലീസ് വീണ്ടും ഈ 12 പരാതികൾ ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർക്ക് അഭിപ്രായം തേടി അയച്ചു.

പരാതികളിൽ ക്രിമിനൽ കേസ്സെടുക്കാതിരിക്കാൻ മതിയായ കാരണങ്ങളൊന്നുമില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയാണ് ജില്ലാ പ്രോസിക്യൂട്ടർ 12 പരാതികളും ചന്തേര ഐപിയ്ക്ക് തിരിച്ചു കൊടുത്തത്.

കേസ്സ് രജിസ്റ്റർ ചെയ്യുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാരമുപയോഗിച്ച് തീരുമാനിക്കാമെന്ന ഒരു വരി അഭിപ്രായം കൂടി എഴുതിയ ജില്ലാ പ്രോസിക്യൂട്ടർ ഫാഷൻഗോൾഡ് പരാതികളിൽ കേസ്സെടുക്കരുതെന്ന് ഒരിടത്തും എഴുതിയിട്ടേയില്ല.

ഫാഷൻ ഗോൾഡ് പരാതികളിൽ കേസ്സ് നിലനിൽക്കില്ലെന്ന് ജില്ലാ പ്രോസിക്യൂട്ടർ എഴുതാത്ത സാഹചര്യത്തിൽ തീർച്ചയായും ഈ പരാതികളിൽ ചന്തേര പോലീസ് എഫ് ഐ ആർ രജിസ്റ്റർ  ചെയ്യേണ്ടതാണ്.

ചന്തേര പോലീസ് ഇപ്പോൾ മേലുദ്യോഗസ്ഥരെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചു കഴിഞ്ഞ ഒരു കാര്യം പരാതികളിൽ കേസ്സ് നില നിൽക്കില്ലെന്ന് ജില്ലാ പ്രോസിക്യൂട്ടർ അഭിപ്രായം രേഖപ്പെടുത്തിയെന്ന തീർത്തും കളവായ പ്രചാരണമാണ്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് കേസ്സ് നിൽക്കില്ല: ജില്ലാ പോലീസ് മേധാവി

Read Next

കേസ്സെടുക്കാൻ പാടില്ലെന്ന് എഴുതിയിട്ടില്ല: പ്രോസിക്യൂട്ടർ