‘മധുരത്തില്‍ പുരട്ടിയ വിഷവുമായി ഇങ്ങോട്ട് വരണ്ട’

കോഴിക്കോട്: മുസ്ലീം ലീഗുമായി ചേർന്ന് ബിജെപി കേരളത്തിൽ സർക്കാർ രൂപീകരിക്കണമെന്ന ആർഎസ്എസിന്‍റെ ബൗദ്ധിക വിഭാഗം മുൻ തലവൻ ടിജി മോഹൻദാസിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പഞ്ചസാര പുരട്ടിയ വിഷം തിരിച്ചറിയാനുള്ള കഴിവ് മുസ്ലിം ലീഗിനുണ്ടെന്ന് ഷാജി പറഞ്ഞു.

“ഞങ്ങളെ സുഖിപ്പിച്ച് നിങ്ങൾ പറഞ്ഞത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. ലീഗ് തറവാടികളാണ്, വിശ്വസിക്കാൻ കഴിയുന്ന ആളുകളാണ്. നിങ്ങൾ പറഞ്ഞത് സത്യമാണ്. അതിൽ ഒരു സംശയവുമില്ല. പക്ഷേ, നിങ്ങൾ അതിൽ ഒളിപ്പിച്ച വിഷം ഞങ്ങൾക്കറിയാം. ടിജി ഒരു വലിയ ബുദ്ധിജീവിയായിരിക്കും. പക്ഷേ, പറഞ്ഞ പല കാര്യങ്ങളും വിഡ്ഢിത്തമാണ്.

കശ്മീരിൽ പിഡിപിയെ കൂട്ടി ഭരിച്ചിട്ടില്ലേ എന്നാണ് അവർ ചോദിക്കുന്നത്. ഞങ്ങളും പത്രങ്ങൾ വായിക്കാറുണ്ട്. ആ ഭരണത്തിന്‍റെ അവസാനം, മെഹബൂബ മുഫ്തിയെ ജയിലിലടച്ചു. സംസ്ഥാനം വെട്ടിമാറ്റി. ജമ്മുവിൽ കൂടുതൽ സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കാൻ അവർ ശ്രമിക്കുന്നെന്ന വാർത്തകൾ ഞങ്ങളും പത്രങ്ങളിൽ വായിച്ചവരാണ്, അദ്ദേഹം പറഞ്ഞു.

Read Previous

സംസ്ഥാനത്ത് സ്വർണത്തിന് വില കൂടി

Read Next

സർക്കാർ ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് വി.ശിവൻകുട്ടി