ആൻമരിയ കൊലപാതകം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

വെള്ളരിക്കുണ്ട് :  സഹോദരിയെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ  അറസ്റ്റിലായ യുവാവിനെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. 

ബളാൽ അരിങ്കല്ലിലെ ആൻമരിയയെ ഐസ്ക്രീമിൽ എലിവിഷം േചർത്ത് കൊലപ്പെടുത്തിയ  ആൽബിൻ ബെന്നിയെ 24, ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുടുംബത്തെ ഒന്നടങ്കം  വിഷം കൊടുത്തുകൊലപ്പെടുത്തി സ്വത്ത് മുഴുവൻ കൈക്കലാക്കാനുള്ള  തന്ത്രത്തിന്റെ ഭാഗമായാണ്  ആൽബിൻ ബെന്നിയെന്ന യുവാവ് ഐസ്ക്രീമിൽ വിഷം കലർത്തിയത്. ഐസ്ക്രീം കഴിച്ച ആൻമരിയ മരണപ്പെടുകയും,  പിതാവ് ബെന്നി കരളും വൃക്കകളും തകരാറിലായി ആശുപത്രിയിലുമായി.

പരിസരവാസികളോടൊന്നും  കാര്യമായി ഇടപെടാത്ത ആൽബിൻ ദുരൂഹമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം ഒരു വർഷക്കാലത്തോളം സെമിനാരിയിൽ വൈദിക പഠനത്തിന് പോയ ആൽബിൻ ഒരു വർഷത്തെ പഠനത്തിന് ശേഷം സെമിനാരി വിട്ടിറങ്ങുകയായിരുന്നു.

സെമിനാരി പഠനം നിർത്തിയ ശേഷം  നാട്ടിൽ തിരിച്ചെത്തിയ യുവാവ് വെള്ളരിക്കുണ്ട്  ബേക്കറിയിൽ അല്പകാലം ജോലി ചെയ്തിരുന്നു.  സ്ഥാപനത്തിൽ നിന്നും പണം  മോഷ്ടിച്ചതിനെത്തുടർന്ന്  പിരിച്ചുവിടപ്പെട്ട യുവാവ് പിന്നീട് ചെന്നൈയിൽ ഓട്ടോ മൊബൈൽ കോഴ്സ് പഠിക്കാൻ പോയി മൂന്ന് മാസം  മുമ്പാണ്  നാട്ടിൽ തിരിച്ചെത്തിയത്.  കഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള യുവാവ് കഞ്ചാവിന്റെ ലഹരിയിൽ സഹോദരിയെ  പലതവണ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നു.

മരിച്ച പെൺകുട്ടി ഈ വിവരം അമ്മയെ അറിയിച്ചിരുന്നു. തന്നിഷ്ടപ്രകാരം  ജീവിക്കാൻ കുടുംബം തടസ്സമാകുമെന്ന് തോന്നിയതിനാലാണ് ബെന്നി  കുടുംബത്തെ ഒന്നടങ്കം വിഷം കൊടുത്ത്  ഇല്ലാതാക്കാൻ നോക്കിയത്.  ബളാൽ അരിങ്കല്ലിലെ  ഓലിക്കൽ ബെന്നി- ബെസി ദമ്പതികളുടെ മൂത്തമകനായ  ആൽബിന് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു.

ഈ അടുപ്പത്തിന് കുടുംബം തടസ്സമാകുമോ എന്ന ഭയവും കുറ്റകൃത്യത്തിന് കാരണമായി. ആഗസ്റ്റ്  5 നാണ് ആൻമരിയ മരിച്ചത്.  സംഭവത്തിന് തൊട്ടുപിന്നാലെ  ചെറുപുഴ പോലീസ് അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണം വെള്ളരിക്കുണ്ട് പോലീസിന് കൈമാറി.

ആൽബിൻ ബെന്നിയുടെ ഫോൺ പോലീസ് പരിശോധിച്ചതിനെത്തുടർന്നാണ് കൊലപാതകത്തിലേക്കുള്ള സൂചനകൾ ലഭിച്ചത്.  ആൽബിൻ യൂട്യൂബിൽ  വിഷങ്ങളെക്കുറിച്ച് തെരഞ്ഞതിന്റെ സൂചനകൾ ലഭിച്ചതിനാലാണ് അന്വേഷണം ആൽബിനിലേക്ക് നീണ്ടത്.  സംഭവത്തിന് ശേഷം  വീട്ടിൽ നടത്തിയ  പരിശോധനയിൽ പോലീസിന് ലഭിച്ച വിരലടയാളങ്ങളും നിർണ്ണായകമായ തെളിവായി.

അരിങ്കല്ലിൽ സാമാന്യം നല്ല നിലയിൽ ജീവിക്കുന്ന ഓലിക്കൽ ബെന്നിയുടെ കുടുംബത്തിന് നാലേക്കർ സ്വത്തും, പന്നിഫാമുമുണ്ട്.  കാട് വെട്ട് യന്ത്രമുപയോഗിച്ച് കാട് വെട്ടുന്ന തൊഴിലെടുക്കുന്ന ബെന്നിക്ക് ബാങ്കിൽ 90,000 രൂപയോളം നിക്ഷേപമുള്ളതായും  മകൻ ആൽബിൻ മനസ്സിലാക്കിയിരുന്നു.

LatestDaily

Read Previous

കൊലപാതക ആസൂത്രണം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച്

Read Next

നഗരസഭ ചെയർ പേഴ്സൺ സ്ഥാനാർത്ഥി പ്രസന്ന കുമാരി