തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി സീതാറാം യെച്ചൂരി

ന്യൂഡൽഹി: സി.പി.ഐ.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. ബീഹാറിലെ മഹാസഖ്യസർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ നൽകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ബീഹാറിലെ സഖ്യസർക്കാരിൽ സി.പി.എം ഭാഗമാകില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം മറ്റ് ഇടതുപാർട്ടികളെപ്പോലെ സർക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി.

ഇന്ന് വൈകുന്നേരമാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടുന്നത് സംബന്ധിച്ച് ആർജെഡി തന്നെ ചർച്ചകൾ മുന്നോട്ട് വയ്ക്കുന്നതിനിടെയാണ് നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രിയാകുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു.

നരേന്ദ്ര മോദി പ്രധാനമന്ത്രി ആയെങ്കിൽ എന്തുകൊണ്ട് നിതീഷ് പ്രധാനമന്ത്രി ആയിക്കൂട എന്നായിരുന്നു കഴിഞ്ഞ ദിവസം തേജസ്വി യാദവ് ചോദിച്ചത്. അദ്ദേഹത്തിന് എന്തുകൊണ്ടും പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് അർഹതയുണ്ടെന്നും തേജസ്വി പറഞ്ഞിരുന്നു. അതേസമയം മഹാസഖ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയെങ്കിലും കോൺഗ്രസോ തൃണമൂലോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടെ പ്രധാനമന്ത്രി പദവി തന്റെ മനസിൽ ഇപ്പോൾ ഇല്ലെന്ന് നിതീഷ് ആവർത്തിച്ച് പറയുകയാണ്. പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിക്കാനാണ് തന്റെ ശ്രമമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നിതീഷ് പ്രതികരിച്ചിരുന്നു.

K editor

Read Previous

കെപിസിസിയുടെ ഓണ്‍ലൈന്‍ റേഡിയോ ‘ജയ്‌ഹോ’; പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ

Read Next

‘ആസാദ് കാശ്മീര്‍’ പരാമർശം; ജലീലിനെതിരെ വിമർശനവുമായി കെ സുരേന്ദ്രന്‍