രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര സെപ്റ്റംബർ 11ന് കേരളത്തിൽ

കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11ന് കേരളത്തിലെത്തും. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 11ന് രാവിലെ കേരള അതിർത്തിയിലെത്തും. കളിക്കാവിളയില്‍ ഗംഭീര സ്വീകരണം നൽകും. പദയാത്ര രാവിലെ 7 മുതൽ 10 വരെയും തുടർന്ന് വൈകുന്നേരം 4 മുതൽ 7 വരെയും 25 കിലോമീറ്റർ ദൂരമാണ് ദിവസവും സഞ്ചരിക്കുക. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ദേശീയപാതയിലൂടെയും തുടർന്ന് സംസ്ഥാന പാതയിലൂടെ തൃശൂരിൽ നിന്ന് നിലമ്പൂരിലേക്കും ജാഥ കടന്നുപോകും.

ഇതിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ സമ്പൂർണ എക്സിക്യൂട്ടീവ് യോഗം ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എ കെ ആന്‍റണി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി ജോഡോ യാത്രയുടെ വിശദാംശങ്ങൾ വിശദീകരിച്ചു.

പാറശ്ശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കിലോമീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. 11, 12, 13, 14 തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15, 16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17, 18, 19, 20 തീയതികളിൽ ആലപ്പുഴ, 21, 22 തീയതികളിൽ എറണാകുളം ജില്ല, 23, 24, 25 തീയതികളിൽ തൃശ്ശൂർ ജില്ല, 26നും 27ന് ഉച്ചയോടെയും പാലക്കാട് എന്നിവിടങ്ങളിൽ സമാപിക്കും. 27ന് ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28, 29 തീയതികളിൽ മലപ്പുറം ജില്ലയിലൂടെ കടന്ന് കേരള പര്യടനം പൂർത്തിയാക്കി കർണ്ണാടകയിൽ പ്രവേശിക്കും.

K editor

Read Previous

പോളി വിദ്യാർത്ഥിയെ മർദ്ദിച്ചു

Read Next

യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്