ഗുസ്തി താരം ദിവ്യ കാക്‌രാനെതിരെ ആം ആദ്മി പാർട്ടി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഗുസ്തി താരം ദിവ്യ കാക്‌രാനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. വെങ്കല മെഡൽ ജേതാവിന് ഡൽഹി സർക്കാർ സഹായം നൽകിയില്ലെന്ന പരാതിയെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ദിവ്യയ്ക്കെതിരെ ആം ആദ്മി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്.

ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന കായികതാരത്തിന്‍റെ വീഡിയോ ആം ആദ്മി പാർട്ടി പുറത്തുവിട്ടു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നമ്മൾക്കായി ചെയതത് എന്തൊക്കെയെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ബിജെപിക്കു വോട്ടു ചെയ്യണം”– വിഡിയോയിൽ ദിവ്യ ആവശ്യപ്പെടുന്നു.

ഡൽഹിക്ക് വേണ്ടി താൻ മത്സരിച്ചിട്ടുണ്ടെന്നു ദിവ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ എഎപി നേതാക്കൾ ഇതിനെ എതിർത്തു. ഉത്തർപ്രദേശിന്റെ താരമാണ് ദിവ്യയെന്നാണ് എഎപി നേതാക്കളുടെ അവകാശവാദം. ബി.ജെ.പി ഈ വിഷയത്തിൽ ഇത്രയധികം വേദനിക്കാൻ കാരണം ഇതാണെന്ന് വീഡിയോ പുറത്ത് വിട്ട് ആം ആദ്മി പാർട്ടി എം.എൽ.എ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ബി.ജെ.പിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് കേജ്‍രിവാളിനോടു പാരിതോഷികം ആവശ്യപ്പെടുന്നത് ശരിയല്ലെന്നും, കായിക താരങ്ങൾ രാഷ്ട്രീയത്തിൽ‌നിന്നു വിട്ടുനിൽക്കണമെന്നും എഎപി നേതാവ് ശാലിനി സിങ് വ്യക്തമാക്കി.

കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശേഷം ഡൽഹി സർക്കാർ തനിക്ക് ഒരു സഹായവും നൽകിയില്ലെന്ന് ദിവ്യ ആരോപിച്ചിരുന്നു. എന്നാൽ ദിവ്യ അപേക്ഷ നൽകിയിട്ടില്ലെന്നും 2017 മുതൽ യുപിക്കു വേണ്ടിയാണു മത്സരിക്കുന്നതെന്നും ‍ഡൽഹി സര്‍ക്കാർ പ്രതികരിച്ചു. ഡൽഹിക്കായി മത്സരിച്ചിരുന്ന കാലത്ത് ദിവ്യയ്ക്ക് എല്ലാ സഹായങ്ങളും നൽകിയതിന്റെ തെളിവുകളും ആം ആദ്മി പുറത്തുവിട്ടു. എന്നാൽ മെഡൽ നേട്ടം രാജ്യത്തിനാകെയാണെന്നും ഒരു സംസ്ഥാനത്തിനു മാത്രമല്ലെന്നും ബിജെപി പ്രതികരിച്ചു. 61 മെഡൽ ജേതാക്കൾക്കും ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങൾ പണം നൽകുമോയെന്ന് ആം ആദ്മി തിരിച്ചടിച്ചു.

K editor

Read Previous

‘ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ നിലപാടില്‍ ആത്മാര്‍ഥതയില്ല’

Read Next

ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശം വയ്ക്കാന്‍ സിപിഐ