ജോലിക്കിടെ സിമന്റ് ചാക്ക് തലയിൽവീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:  പെരിയ കേന്ദ്രസർവ്വകലാശാലയിൽ കെട്ടിട നിർമ്മാണ  ജോലിക്കിടെ സിമന്റ് ചാക്ക് തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പനയാൽ തോക്കാനംമൊട്ടയിലെ  രാമൻ- ചോയി  ദമ്പതികളുടെ മകൻ  വളപ്പിൽ ശശിധരനാണ് 35,  മരണപ്പെട്ടത്.

കഴിഞ്ഞ മാസം  25ന് രാവിലെയാണ് അപകടം. യൂണിവേഴ്സിറ്റി കോളേജിൽ കല്ലുകെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന ശശിധരൻ  താഴെ നിന്ന് മുകളിലേക്ക് സിമന്റ് ചാക്ക് കൊണ്ടുപോകവെയാണ് അപകടം.

മുകളിലെക്കുള്ള പടി ചവിട്ടി കയറുന്നതിനിടെ  കാൽതെന്നി വീണ യുവാവിന്റെ തലയിലും കഴുത്തിലുമായി സിമന്റ് ചാക്ക്  പതിക്കുകയായിരുന്നു.  ഈ സമയം സമീപത്ത് ആരുമില്ലാതിരുന്നതിനാൽ രണ്ട് മിനിറ്റോളം സിമന്റ്  ചാക്ക് ദേഹത്ത് തന്നെ കിടന്നു. ശബ്ദം കേട്ട്  മുകൾ നിലയിൽ നിന്ന് മറ്റ് തൊഴിലാളികൾ ഓടിയെത്തി ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴുത്തിൽ നിന്നും  എല്ല് പൊട്ടിപ്പോയ ശശിധരനെ  പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്  മാറ്റുകയായിരുന്നു. മെഡിക്കൽ  കോളേജിലാണ്  മരണം.

ബേക്കൽ അഡീഷണൽ എസ്.ഐ., അശോകൻ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.  ദീപയാണ് ഭാര്യ.  സുഭാഷ്, ആറുമാസം പ്രായമായ ദൃശ്യ എന്നിവർ മക്കൾ. കൃഷ്ണൻ, സരസ്വതി,  അംബിക, കുഞ്ഞിക്കണ്ണൻ എന്നിവർ സഹോദരങ്ങളാണ്.

LatestDaily

Read Previous

കുടിയാന്മല കൊലപാതകത്തിന് പിന്നിൽ പ്രകൃതി വിരുദ്ധ ബന്ധത്തിലെ പക

Read Next

പാമ്പിനെ പിടിക്കാൻ വീട്ടിൽ കയറിയ ആൾക്ക് കോവിഡ്