ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോവിഡിനെത്തുടർന്ന് തകർന്ന് തരിപ്പണമായ കാർഷിക മേഖലയുടെ മേൽ കൂനിൻമേൽ കുരു എന്ന പോലെയാണ് മഴക്കെടുതികൾ കൂടി വന്നു ഭവിച്ചിരിക്കുന്നത്. കനത്ത മഴയിൽ കോടി ക്കണക്കിന് രൂപയുടെ കാർഷിക നഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്.
കാസർകോട് ജില്ലയിൽ മാത്രം ദിവസങ്ങളിലായി നാല് കോടിയോളം രൂപയുടെ കൃഷി നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. നെല്ല്, റബ്ബർ, നേന്ത്രവാഴ, തെങ്ങ് മുതലായ കാർഷിക വിളകളെല്ലാം കനത്ത മഴയിൽ നശിച്ചിരിക്കുകയാണ്. സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തിയ കൃഷിയും വ്യാപകമായി നശിച്ചു.
അയൽ സംസ്ഥാനങ്ങളിലേക്ക് പോലും നേന്ത്രക്കുലകൾ കയറ്റിയയച്ചിരുന്ന മടിക്കൈയിൽ കോവിഡ് ബാധയെത്തുടർന്ന് കാർഷിക വിളകൾ പുറത്തേയ്ക്ക് പോകുന്നതിൽ തടസ്സം നേരിട്ടിരുന്നു. വായ്പയെടുത്ത് നേന്ത്രവാഴ കൃഷി നടത്തിയിരുന്ന പലരും ഇതോടെ പ്രതിസന്ധിയിലുമായി. നിലവിലുണ്ടായിരുന്ന പ്രതിസന്ധിയെ ഇരട്ടിപ്പിക്കുന്ന വിധത്തിൽ മഴക്കെടുതികൾ കൂടി വന്നതോടെ മടിക്കൈയിലെ നേന്ത്രവാഴ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്.
കാലവർഷക്കെടുതിയിൽ കൃഷി നാശം വന്ന കർഷകരെ സഹായിക്കേണ്ട ബാധ്യത കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കണം എന്ന ആവശ്യം ഇവിടെ പ്രസക്തമാണ്. കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന ജനങ്ങൾ പകർച്ചവ്യാധി കൊണ്ടും, പ്രളയദുരിതം കൊണ്ടും ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ മനുഷ്യത്വപരമായ സമീപനം ഇവരോട് കാണിക്കേണ്ടത് തന്നെയാണ്.
തകർന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്രം – സംസ്ഥാന സർക്കാരുകൾ ഇനിയും അമാന്തം കാണിക്കരുത്. ജീവിക്കാൻ മറ്റുവഴികളില്ലാതെ കാർഷിക മേഖലയെ മാത്രം ശരണം പ്രാപിക്കുന്നവർക്ക് ആശ്വാസകരമാകുന്ന പാക്കേജുകൾ പ്രഖ്യാപിക്കാനാണ് കേന്ദ്രവും, കേരളവും ശ്രദ്ധിക്കേണ്ടത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് സർവ്വ മേഖലകളും തകർച്ചയിലും സാമ്പത്തിക മാന്ദ്യത്തിലുമാണെങ്കിലും കാർഷിക മേഖലയുടെ തകർച്ച ജനങ്ങളുടെ അന്നം മുട്ടിക്കുമെന്ന തിരിച്ചറിവ് ഭരണാധികാരികൾക്ക് ഉണ്ടാവേണ്ടതാണ്.
കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് പ്രഥമ പരിഗണന തന്നെ ഭരണാധികാരികൾ നൽകിയില്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് പട്ടിണി മരണങ്ങളാണെന്നും ഓർത്താൽ നന്ന്.
സമ്പദ്ഘടന കടുത്ത മാന്ദ്യത്തിലാണെങ്കിലും അതൊന്നും കർഷകരെ സഹായിക്കാനുള്ള നീക്കങ്ങൾക്ക് തടസ്സമായി നിന്നു കൂടായെന്ന് ഭരണാധികാരികൾ ഓർക്കേണ്ടതാണ്. മറിച്ചായാൽ കർഷക ആത്മഹത്യകൾ ഇനിയും വർദ്ധിക്കും.