ഫാഷൻ ഗോൾഡ് പരാതിക്കാർ ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിക്കും

ചന്തേര: നൂറുകോടി രൂപയുടെ വൻ തട്ടിപ്പുനടത്തിയ ഫാഷൻ ഗോൾഡിന്റെ ഉത്തരവാദപ്പെട്ടവർക്കെതിരെ പരാതി നൽകിയിട്ടും, കേസ്സ് റജിസ്റ്റർ ചെയ്യാതെ ഫാഷൻ ഗോൾഡിനെ സഹായിച്ചുവരുന്ന ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ പരാതിക്കാരും,  കുടുംബങ്ങളും കുത്തിയിരിക്കാൻ ഒരുങ്ങുന്നു.

ഫാഷൻ ഗോൾഡിൽ റൊക്കം പണവും, സ്വർണ്ണാഭരണങ്ങളും നിക്ഷേപിച്ച്  പണവും സ്വർണ്ണവും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ 12 നിക്ഷേപകരും ഇവരുടെ കുടുംബങ്ങളുമാണ് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയരിക്കാൻ ഒരുങ്ങിയിട്ടുള്ളത്.

ഫാഷൻ ഗോൾഡിൽ പണവും സ്വർണ്ണവും നിക്ഷേപിച്ചിട്ടുള്ള തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ, ചെറുവത്തൂർ, കരിവെള്ളൂർ, നീലേശ്വരം തുടങ്ങിയ പഞ്ചായത്തുകളിൽ താമസിക്കുന്ന 12 പേർ മാസങ്ങൾക്ക് മുമ്പുതന്നെ പരാതിയുമായി ചന്തേര പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും, കേസ്സ് റജിസ്റ്റർ ചെയ്യാൻ പരാതിയിൽ വകുപ്പില്ലെന്ന് പറഞ്ഞ് ചന്തേര ഐപി, ടി. നിസ്സാം നിക്ഷേപകാരായ പരാതിക്കാരെ തിരിച്ചയക്കുകയായിരുന്നു.

ഇവരിൽ 12 പേർ സംഘടിക്കുകയും, കാസർകോട്ട് ചെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് നേരിട്ട് പരാതി നൽകിയിട്ട് മാസം ഒന്നുകഴിഞ്ഞുവെങ്കിലും, പരാതിയിൽ കേസ്സ് റജിസ്റ്റർ ചെയ്യാതെ പോലീസ് ഇപ്പോഴും പരാതിക്കാരെ കബളിപ്പിക്കുകയാണ്.

പോലീസിന് മുന്നിൽ ലഭിച്ചിട്ടുള്ള പരാതികളിൽ കേസ്സ് റജിസ്റ്റർ ചെയ്യാൻ വകുപ്പുകളില്ലെന്ന് പോലീസ് പറയുന്നതിന് പിന്നിൽ കേസ്സിൽ പ്രതി ചേർക്കേണ്ട ആൾ എംഎൽഏ ആയതുകൊണ്ടുള്ള ഭയം തന്നെയാണ്.

ഫാഷൻ ഗോൾഡ് കമ്പനി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഈ സ്ഥാപനം വലിയ ലാഭവിഹിതം തരാമെന്ന് മോഹിപ്പിച്ചാണ് കോടികൾ വാങ്ങി ഇടപാടുകാരെ വഞ്ചിച്ചത്.

ചതിയും വഞ്ചനയും ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കുടുങ്ങിയവർ ഈ സ്വർണ്ണാഭരണശാലയ്ക്ക് പണം നൽകിയതിനുള്ള തെളിവുകൾ സഹിതമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

വഞ്ചിക്കപ്പെട്ടവരിൽ നിരവധി സ്ത്രീകളുമുണ്ട്. പലരും കരഞ്ഞുകൊണ്ടാണ് പോലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിയിൽ ചന്തേര, പോലീസ് ഐപി, എസ്. നിസ്സാം പരാതിക്കാരെ മുഴുവൻ വിളിച്ചുവരുത്തി മൊഴി ശേഖരിച്ചിട്ടും, ഫാഷൻ ഗോൾഡ് ഉടമകളെ പ്രതി ചേർത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്യാതിരുന്നത് യുഡിഎഫ് എംഎൽഏയെ പേടിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതിനിടയിൽ ഈ കേസ്സുകൾ അന്വേഷിച്ചുവരുന്ന പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാമിനെ അതിനാടകീയമായി ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ആലപ്പുഴ സ്വദേശിയായ നിസ്സാം ചന്തേരയിൽ ചുമതലയേറ്റിട്ട് മാസം ഒന്നു തികയും മുമ്പാണ് സ്ഥലം മാറ്റം ശിരസ്സാ വഹിച്ച് ബേക്കലിലേക്ക് തട്ടിയത്.

ഫാഷൻ ഗോൾഡ് ഉടമകളുടെ സ്വാധീന വലയത്തിൽ പോലീസ് കുടുങ്ങിയെന്ന് ഉറപ്പാക്കിയ നിക്ഷേപകർ പണം തിരിച്ചുപിടിക്കാൻ മറ്റൊരു വഴിയും കാണാത്ത സാഹചര്യത്തിലാണ് പോലീസ് സ്റ്റേഷന് മുന്നിൽ  കുടുംബസമേതം കുത്തിയിരിക്കാൻ ഒരുങ്ങി നിൽക്കുന്നത്.

LatestDaily

Read Previous

കോൺഗ്രസ് മണ്ഡലം ഭാരവാഹിയെ നീക്കിയ പ്രശ്നം ചർച്ച ചെയ്യാൻ ഐ ഗ്രൂപ്പ് രഹസ്യയോഗം

Read Next

സകല അപരാധങ്ങളും പൊറുത്ത് മാപ്പാക്കണം, തിരുമുമ്പ് പോലീസിന് നൽകിയ മൊഴിയുടെ പകർപ്പ് പുറത്തു വന്നു