ഫാഷൻ ഗോൾഡ് പരാതികൾക്ക് മുകളിൽ പോലീസ് ഉറങ്ങുന്നു

കാഞ്ഞങ്ങാട്: നാടു നടുങ്ങിയ നൂറ് കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കെതിരെ ഇടപാടുകാർ നൽകിയ പരാതി സ്റ്റേഷൻ ഫയലിൽ കെട്ടി വെച്ച് ചന്തേര പോലീസ് ഉറങ്ങുന്നു.

ഫാഷൻ ഗോൾഡിന്റെ ചെയർമാൻ പടന്നയിലെ  എം.സി ഖമറുദ്ദീൻ,  മാനേജിംഗ് ഡയരക്ടർ ചന്തേരയിലെ ടി.കെ. പൂക്കോയ തങ്ങൾ, എന്നിവരെ എതിർകക്ഷികളാക്കി കാസർകോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 12 പേർ ജില്ലാ പോലീസ്  മേധാവി ഡി. ശിൽപ്പയ്ക്ക് നേരിട്ടാണ് പരാതി നൽകിയത്.

പോലീസ് മേധാവി  ഈ പരാതികളത്രയും, നേരിട്ട് ഏറ്റു വാങ്ങുകയും, കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം.പി. വിനോദിന് കൈമാറുകയും ചെയ്തിട്ട് മാസം ഒന്ന് തികയാറായി.

ഡിവൈഎസ്പി 12 പരാതികളും അന്വേഷിക്കാൻ ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാമിന് കൈമാറുകയും, നിസ്സാം പരാതിക്കാരായ 12 പേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം, പരാതികൾ മുഴുവൻ ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി ഒന്നിലുള്ള പബ്ലിക് പ്രോസിക്യൂട്ടർക്ക് അഭിപ്രായം തേടി അയക്കുകയുമായിരുന്നു.

കേസ്സ് രജ്സ്റ്റർ ചെയ്യാവുന്ന പരാതിയാണോ, അല്ലയോ എന്നറിയാനാണ് പരാതികൾ പബ്ലിക്  പ്രോസിക്യൂട്ടർക്ക് നൽകിയതെന്ന് 15 ദിവസം മുമ്പ് ചന്തേര ഐപി, എസ്. നിസ്സാം ലേറ്റസ്റ്റിനോട് വെളിപ്പെടുത്തിയിരുന്നു.

പരാതികൾ പരിശോധിച്ച പബ്ലിക് പ്രോസിക്യൂട്ടർ  ഈ പരാതികളിൽ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ ചന്തേര ഐ പി, നിസ്സാമിന് തന്നെ തിരിച്ചയച്ചിട്ട് ആഴ്ച ഒന്നു കഴിഞ്ഞു.

ഇനി ശ്രദ്ധിച്ച് വായിക്കുക:

ഫാഷൻ ഗോൾഡ് സ്ഥാപനം കമ്പനി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമാണ്.

കമ്പനി ഉൾപ്പെട്ട സ്ഥാപനമായതിനാൽ അൽപ്പം കൂടി ഉയർന്ന തസ്തികയിലുള്ള പ്രോസിക്യൂട്ടറിൽ നിന്ന് അഭിപ്രായം തോടുന്നതായിരിക്കും ഉചിതമെന്ന് ഫയലിൽ രേഖപ്പെടുത്തിയാണ്  പബ്ലിക്  പ്രോസിക്യൂട്ടർ ഈ പരാതികളത്രയും പോലീസിന് തന്നെ തിരിച്ചു കൊടുത്തത്.

ഇനി അടിവരയിട്ട് വായിക്കുക:

ഫാഷൻ ഗോൾഡിനെതിരെ ചന്തേര പോലീസിന് ലഭിച്ച 12 പരാതികളും പോലീസ്- കോടതി ഭാഷകളിൽ കോഗ്്നൈസബിൾ ഒഫൻസ് ആണ്.

അതായത്- കേസ്സ് രജിസ്റ്റർ ചെയ്യാനും കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനും പോലീസിന് അധികാരമുള്ള കുറ്റമെന്നർത്ഥം.

ഫാഷൻഗോൾഡ് നടത്തിപ്പുകാരായ രണ്ടുപേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിലവിൽ

പോലീസിന്റെ കൈയ്യിലുള്ള പരാതിപ്രകാരം പബ്ലിക് പ്രോസിക്യൂട്ടറുടെ  അഭിപ്രായത്തിന്റെ യാതൊരാവശ്യവും ഇല്ലേയില്ല.

കാരണം,  12 പരാതികളിലും മുഴച്ചു നിൽക്കുന്ന ഒരേയൊരു സങ്കടം വിശ്വാസ വഞ്ചനയും, ചതിയുമാണ്.

വിശ്വാസവഞ്ചനയ്ക്കും ചതിക്കും, ഇന്ത്യൻ പീനൽകോഡിലുള്ള കുറ്റകൃത്യത്തിന്റെ വകുപ്പ് 420 ആണ്.

ആവശ്യമെങ്കിൽ ഈ കേസ്സിൽ സിബിടി 409  ഐപിസി  (ക്രിമിനൽ ബ്രീച്ച് ഓഫ് ട്രസ്റ്റ്) വകുപ്പുകൂടി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ഒരിക്കലും പബ്ലിക് പ്രോസിക്യൂട്ടറുടെ അഭിപ്രായം തേടേണ്ട യാതൊരു കാര്യവുമില്ല.

ഒന്നിൽക്കൂടുതൽ പ്രതികളുള്ളതിനാൽ റെഡ്്വിത്ത് 34 ഐപിസിയും ഈ കേസ്സിൽ ചേർക്കണം.

ഇടപാടുകാരിൽ നിന്ന് കോടികൾ  വരുന്ന റൊക്കം പണവും,  സ്വർണ്ണാഭരണങ്ങളും വാങ്ങി ലാഭവിഹിതം നൽകാമെന്ന പേരിൽ ഇടപാടുകാരെ വഞ്ചിച്ച സംഭവമാണ് ഫാഷൻ ഗോൾഡിനെതിരായ പരാതികളിൽ മുഴച്ചു നിൽക്കുന്നതെന്ന്  കണ്ണുപൊട്ടന് പോലും  എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നിരിക്കെയാണ് ”ഒപ്പീനിയൻ” എന്ന ഓമനപ്പേരിട്ടുകൊണ്ട് ചന്തേര പോലീസ്  നൂറുകോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പിന്റെ പുറത്ത് സുഖമായി കൂർക്കം വലിച്ചുറങ്ങുന്നത്.

അതിനിടയിൽ അതി നാടകീയമായി ജൂലായ് 6-ന്  ഡിജിപി  ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ ചന്തേര ഐ പി എസ് നിസ്സാമിനെ ബേക്കൽ പോലീസിലും ബേക്കൽ ഐ പി, പി.നാരായണനെ ചന്തേരയിലും മാറ്റി നിയമിച്ചിട്ടുണ്ട്.

LatestDaily

Read Previous

ബാങ്ക് ഡയറക്ടറുടെ മരണം ഹൃദയസ്തംഭനം മൂലം

Read Next

പോലീസ് എംഎൽഏയെ ഭയപ്പെടുന്നു