ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
7 മാസങ്ങൾക്കിടെ കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 150 കോടിയുടെ സ്വർണ്ണം
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : രാജ്യത്ത് ഏറ്റവുമധികം സ്വർണ്ണ ഉപഭോക്താക്കളുള്ള കേരളത്തിലേക്ക് തന്നെയാണ് ഏറ്റവുമധികം സ്വർണ്ണം കള്ളക്കടത്തായി എത്തുന്നത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ വഴി 7 മാസങ്ങൾക്കിടെ പിടിക്കപ്പെട്ടത് 150 കോടി രൂപയ്ക്കു മേൽ വിലയുള്ള സ്വർണ്ണമാണ്. എയർ കസ്റ്റംസ്, ഇന്റലിജൻസ്, ഡി.ആർ.ഐ, കസ്റ്റംസ് പ്രിവന്റീവ് എന്നിവരാൽ പിടിക്കപ്പെടാതെ കടത്തുന്ന സ്വർണ്ണം ഇതിനും എത്രയോ ഇരട്ടി വരും.
സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പകയുടെയും പ്രതികാരത്തിന്റെയും മത്സരത്തിന്റെയും പിരിമുറക്കത്തിലാണ് തട്ടിക്കൊണ്ടു പോകലും, അപായപ്പെടുത്തലും, കൊലയുമുൾപ്പെടെ മൂന്ന് ജീവനുകൾക്ക് യാതൊരുവിലയും കൽപ്പിക്കാത്ത നീചവും നിഷ്ഠൂരവുമായ സംഭവങ്ങൾ അരങ്ങേറിയത്. ഇപ്രകാരം കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരളത്തിൽ മൂന്ന് പ്രവാസികളുടെ ജീവൻ കള്ളക്കടത്ത്- കുഴൽപ്പണ മാഫിയകൾ തട്ടിയെടുത്തു.
ഏറ്റവുമൊടുവിൽ നന്തികോടിക്കൽ കടപ്പുറത്ത് നിന്നും കണ്ടെത്തിയ മൃതദേഹം നേരത്തെ കാണാതായ പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇർഷാദിന്റെതാണെന്നും ഡിഎൻഏ പരിശോധനയിൽ തെളിഞ്ഞപ്പോൾ, പിതാവ് കോയിക്കുന്നുമ്മൽ നാസറിന്റെ വിതുമ്പലിൽ പറഞ്ഞ വാക്കുകൾ ആരുടെയും കരളലിയിപ്പിക്കുന്നതാണ്.
അവനെ അവർ കൊന്നതാണ് എന്റെ കുട്ടീടെ മയ്യത്ത് പള്ളിപ്പറമ്പിലെത്തിച്ച് കബറടക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നായിരുന്നു കൊല ചെയ്യപ്പെട്ട ഇർഷാദിന്റെ പിതാവ് നാസർ വിതുമ്പിയത്. കാണാതായ മേപ്പയ്യൂർ കൂനം വെള്ളിക്കാവിലെ വടക്കേ തൊടിക്കണ്ടി ദീപക്കിന്റേതാണെന്ന ധാരണയിൽ സംസ്ക്കരിച്ചത് ഇർഷാദിന്റെ മൃതദേഹമായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ മൃതദേഹത്തിന്റെ എല്ലിൻ കഷ്ണങ്ങളാണ് പിന്നീട് ഇർഷാദിന്റെ കുടുംബത്തിന് റവന്യൂ അധികൃതർ കൈമാറിയത്.
സ്വർണ്ണക്കടത്ത് സംഘത്തിന്റെ കൊടുംപാതകമായിരുന്നു ഇർഷാദിന്റെ കൊല. ജൂൺ 26-ന് കാസർകോട് സ്വദേശി അനുഭവിക്കേണ്ടി വന്നതും സമാനമായ ക്രൂരതയായിരുന്നു. ദുബായിയിൽ കച്ചവടക്കാരനായ സിദ്ധിഖ് മംഗളൂരു വിമാനത്താവളം വഴി നാട്ടിലെത്തിയത് സഹോദരനെയും ബന്ധുവിനെയും സ്വർണ്ണക്കടത്ത് സംഘം തടവിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ്.
സിദ്ധിഖ് ദുബായിൽ നിന്ന് വീട്ടിലെത്തിയ ഉടൻ നേരെ പോയത് ഭീഷണിപ്പെടുത്തിയവരുടെ അടുക്കലേക്കാണ്. ഇടനിലക്കാർ വഴി ദുബായിൽ നിന്ന് നൽകിയ അരക്കോടിയുടെ ഡോളർ തിരിച്ചേൽപ്പിച്ചില്ലെന്നായിരുന്നു സംഘത്തിന്റെ വെളിപ്പെടുത്തൽ. നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും, സിദ്ധിഖിനെ ക്രൂരമായി പീഡിപ്പിച്ച് ഉപ്പളയിലെ സ്വകാര്യാശുപത്രിയിൽ ഉപേക്ഷിക്കുമ്പോഴേക്കും സിദ്ധിഖ് മരിച്ചു കഴിഞ്ഞിരുന്നു.
പാലക്കാട് ജില്ലയിലെ അഗളി സ്വദേശി അബ്ദുൽ ജലീലിനെ നെടുമ്പാശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പെരിന്തൽമണ്ണയിൽ കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ മെയ് 20-നാണ്. സ്വർണ്ണക്കടത്ത് മാഫിയ സംഘം ജലീലിനെ പെരിന്തൽമണ്ണയിൽ തടവിൽ പാർപ്പിച്ച് ക്രൂരമായ മർദ്ദനമുറകൾ പ്രയോഗിച്ചു. മൃതപ്രായനായ ജലീലിനെ സമീപത്തെ ആശുപത്രിയിൽ ഉപേക്ഷിച്ചാണ് സ്വർണ്ണക്കടത്ത് മാഫിയ സംഘം മുങ്ങിയത്.
ഗൾഫിൽ നിന്ന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് ജലീലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് രണ്ടര മാസത്തിനിടെ കേരളത്തിൽ അരങ്ങേറിയ മൂന്ന് നിഷ്ഠൂര കൊലപാതകങ്ങളുടെ പിന്നാമ്പുറം തേടിയിറങ്ങിയ പോലീസ് അന്വേഷണ സംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിൽ പിടിമുറുക്കിയ സ്വർണ്ണക്കടത്ത് കുഴൽപ്പണ മാഫിയ സംഘത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ജീവിതം മെച്ചപ്പെടുത്താൻ ഗൾഫിലേക്ക് കടന്നിട്ടും വെറും കയ്യോടെ തിരിച്ചു വരേണ്ടിവരുമ്പോൾ ഹതഭാഗ്യരായ പ്രവാസികൾ സ്വർണ്ണക്കടത്ത് കുഴൽപ്പണ സംഘത്തിന്റെ വാഹകരായി മാറുന്നു ഒടുവിൽ കൊന്നുതള്ളുന്ന മാഫിയ സംഘങ്ങൾ കേരളത്തിൽ ആഴത്തിൽ വേരുറപ്പിച്ചതിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് നമുക്ക് മുമ്പിലെത്തുന്നത്.