റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ ഇരുപതടി ഗാന്ധി പ്രതിമ

നോയിഡ: ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ഏകദേശം 20 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മാത്രമായിരുന്നില്ല, വൃത്തിയുള്ള, സത്യമുള്ള ഒരു ഇന്ത്യ ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. അതിനാൽ, അദ്ദേഹത്തിന്‍റെ ഈ പ്രതിമ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു.

നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് രാഷ്ട്രപിതാവിന്‍റെ പ്രതിമ നിർമ്മിച്ചത്. എച്ച്സിഎല്ലുമായി സഹകരിച്ച് നോയിഡ സർക്കാരാണ് പ്രതിമ നിർമ്മിച്ചത്. സെക്ടർ 137 ലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി പ്രതിമ ആന്തരികവും ബാഹ്യവുമായ ശുചിത്വത്തെ പ്രതിനിധീകരിക്കുന്നു. നഗരം വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രതിമ ലക്ഷ്യമിടുന്നു. ജൂലൈ ഒന്നിന് മുനിസിപ്പാലിറ്റി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഔദ്യോഗികമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം അധികൃതർ ഇപ്പോഴും നടത്തി വരികയാണ്.

അതേസമയം, രാജസ്ഥാനിൽ ഒരു പെട്രോൾ പമ്പ് ഉടമ ഒഴിഞ്ഞ പാൽ കവറുകളുമായി വരുന്നവർക്ക് പെട്രോളിന് ലിറ്ററിന് ഒരു രൂപ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഭിൽവാരയിലെ അശോക് കുമാർ മുണ്ട്രയാണ് ഈ നൂതന ആശയവുമായി രംഗത്തെത്തിയത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ശരിയായ സംസ്കരണം ഉറപ്പാക്കുന്നതിനായാണ് അദ്ദേഹം ഈ സംരംഭത്തിന് തുടക്കമിട്ടത്. “പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവയുടെ ഉപയോഗത്തിനെതിരായ അവബോധം സൃഷ്ടിക്കുന്നതിനാണ് ഞാൻ ഈ കാമ്പയിൻ ആരംഭിച്ചത്. എന്റെ നഗരത്തെ പ്ലാസ്റ്റിക് രഹിത നഗരമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം ഇത് പരിസ്ഥിതിയെ മാത്രമല്ല, അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക്, പ്രത്യേകിച്ച് പശുക്കൾക്ക് ഭീഷണിയാണ്” അദ്ദേഹം പറഞ്ഞു. 

K editor

Read Previous

‘ഓര്‍ഡിനന്‍സില്‍ നിശ്ചയദാര്‍ഢ്യത്തോടെ ഗവര്‍ണര്‍ തീരുമാനമെടുത്തു’

Read Next

ചാലിങ്കാൽ പ്രതി മംഗളൂരു ബസ് സ്റ്റാന്റിലെത്തി