ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കരിപ്പൂരിൽ വിമാനപകടമുണ്ടായതിന് പിന്നാലെ സ്ഥലത്ത് ഓടിയെത്തി എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ മാതൃകയാണ് കാണിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങളെത്തുടർന്ന് മണിക്കൂറുകൾക്കകമാണ് രക്ത ബാങ്കുകളിൽ ആവശ്യത്തിലധികം രക്തമെത്തിയതെന്നും കാണാം.
ദുരന്തങ്ങളുടെ കൂരിരുൾക്കാട്ടിലും പ്രതീക്ഷയുടെ ചെറു തിരി നാളമാണ് മലപ്പുറത്തെ ജനത കേരളത്തിന് മുന്നിൽ കൊളുത്തി വെച്ചത്. ഏത് ദുരന്തമുഖത്തും എല്ലാം മറന്ന് ഓടിയെത്തുക എന്ന മാനുഷിക ബോധമാണ് മലപ്പുറം കേരളത്തിന് കാണിച്ചു കൊടുത്തത്.
കരിപ്പൂർ ദുരന്തത്തിന് പിന്നാലെ നവ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില ചർച്ചകൾ കേരളം പോലെ ഒരു സംസ്ഥാനത്ത് അത്രമേൽ അശ്ലീലമാണെന്ന് തന്നെ പറയേണ്ടി വരും. കേരളത്തിന് അന്യമായ മതവിദ്വേഷ സന്ദേശങ്ങളാണ് പോസ്റ്റുകളിൽ പ്രചരിക്കുന്നത്. ദുരന്തങ്ങളിലും ജാതി തെരയുന്ന കഴുകൻമാരുടെ സമൂഹം കേരളത്തിൽ വളരുന്നുണ്ടെന്ന് ഓരോരുത്തരെയും ഭയപ്പെടുത്തേണ്ടത് തന്നെയാണ്.
അപകടത്തിൽ മരിച്ചവരുടെ ജാതി തെരയുന്ന നവ മാധ്യമ പോസ്റ്റുകളുടെ ഉടമകളെ തേടിപ്പോയാൽ എത്തിച്ചേരുന്നത് ഒരു പ്രത്യേക വിഭാഗത്തിലേക്കാണ്. സഹജീവികളുടെ ദുരന്തത്തിൽ അഭിരമിക്കുന്ന ഒരു സമൂഹം കേരളത്തിൽ വളർന്നു വരുന്നുണ്ടെന്ന് വേദനാജനകമായ യാഥാർത്ഥ്യമാണ്.
ക്രൂരമായ ശാപവചനങ്ങൾ ഇതര മതസ്ഥർക്ക് നേരെ ചൊരിഞ്ഞ് നവ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവരുടെയുള്ളിൽ രക്തദാഹിയായ കഴുതപ്പുലി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വേണം പറയാൻ. കൂട്ടം ചേരുമ്പോൾ മാത്രം ധൈര്യം പുറത്തെടുക്കുന്ന ഇത്തരം മനുഷ്യരെ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ സംഘടനകൾ തന്നെ തിരുത്തുകയാണ് വേണ്ടത്.
വിമാന ദുരന്തത്തിനോടൊപ്പം പ്രകൃതിദുരന്തത്തെയും കോവിഡ് രോഗവ്യാപന ഭീതിയെയും നേരിടുന്ന കേരളത്തിൽ വർഗ്ഗീയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരും സ്വയം ദുരന്തമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.ദുരന്തങ്ങളിൽ ആഹ്ലാദിക്കുന്ന മനസ്സുള്ളവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിച്ചാൽത്തന്നെ ഇതിന് പരിഹാരമാകും.
ഓരോ മതവും പരസ്പര സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, ശിലായുഗ മനസ്സുകൾ പെരുകിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് കരിപ്പൂർ ദുരന്തത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ട മതവിദ്വേഷ പോസ്റ്റുകൾ.
അപര മതത്തിൽപ്പെട്ടവൻ ചത്തു തുലയണം എന്ന മനോഭാവം ഒരു മതഗ്രന്ഥത്തിലും രേഖപ്പെടുത്താത്ത കാര്യമാണ്. ഇത്തരം ശിലായുഗ മതാ ഭ്രാന്തുകളെ സമൂഹത്തിൽ നിന്നും അടിച്ചോടിച്ച് അവിടം ശുദ്ധീകരിക്കുക തന്നെ വേണം.