ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നെഞ്ചിന് പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് ചികിത്സയിൽ, ലഗേജുകൾ നഷ്ടപ്പെട്ടു
കാഞ്ഞങ്ങാട്: മുന്നിൽ നിന്നും കൂട്ട നിലവിളിയും ബഹളവും കേട്ടപ്പോഴാണ് അപകടമറിഞ്ഞതെന്ന് ഇതേവിമാനത്തിലെ യാത്രക്കാരനായ തായന്നൂർ കുറ്റിയടുക്കത്തെ രഞ്ജിത്ത് 35, ലേറ്റസ്റ്റിനോട് പറഞ്ഞു.
വിമാനത്തിന്റെ പിറക് വശത്തായി എഫ് 16 നമ്പർ സീറ്റിലെ യാത്രക്കാരനായിരുന്നു രഞ്ജിത്ത്. വിമാനത്തിന്റെ പിറക് വശത്തെ ചിറകിനോട് ചേർന്നുള്ള സീറ്റാണിത്.
വിമാനം പറന്നിറങ്ങുന്നതായി യാത്രക്കാർക്ക് സന്ദേശം കൈമാറിയ ഉടനെ മുൻവശത്ത് നിന്നും കൂട്ടനിലവിളി ഉയർന്നതായി രഞ്ജിത്ത് പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും മനസ്സിലായില്ല. ബഹളവും നിലവിളിയും ശക്തമായതോടെ കാ ര്യം അപകടത്തിലാണെനന് വ്യക്തമായി. സീറ്റ്ബെൽറ്റ് അഴിക്കാൻ ശ്രമിക്കുന്നതിനിടെ നെഞ്ച് ശക്തിയായി മുൻവശത്തെ സീറ്റിന്റെ പിറകിലായി ഇടിച്ചു.
തന്റെ തൊട്ട് മുന്നിലിരുന്നയാത്രക്കാരുടെ മൂക്കിൽ നിന്നും വായയിൽ നിന്നും രക്തം വരുന്നതായും രഞ്ജിത്ത് കണ്ടു. ഇതിനിടയിൽ എല്ലാം കഴിഞ്ഞിരുന്നു. റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം അപ്പോഴേയ്ക്കും അപകടത്തിൽപ്പട്ട് കഴിഞ്ഞിരുന്നു. പിന്നെയൊന്നും ചിന്തിച്ചില്ല. പിറക് വശത്തെ ചിറകിനോട് ചേർന്നുള്ള സുരക്ഷാ വാതിൽ തള്ളിത്തുറന്ന് പിറക് വശത്തെ മറ്റ് യാത്രക്കാരുമെല്ലാം ജീവനുംകൊണ്ട് പുറത്തേയ്ക്ക് ചാടുകയായിരുന്നു.
രഞ്ജിത്തിപ്പോൾ കോഴിക്കോട് ബിച്ച് ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. അൽപ്പസമയം മുമ്പ് സഹോദരി ഭർത്താവ് ജയൻ തായന്നൂരിൽ നിന്നും കോഴിക്കോട്ടെത്തി. 3 വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്ലംബിംഗ് ജോലിക്കാരനായ യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ജോലി ഒഴിവാക്കി വിസ ക്യാൻസൽ ചെയ്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു രഞ്ജിത്ത്. ഇലക്ട്രിക് സാധനങ്ങളും വസ്ത്രങ്ങളുൾപ്പെടെ ലഗേജുകളെല്ലാം നഷ്ടപ്പെട്ടതായി രഞ്ജിത്ത് പറഞ്ഞു. 25 കിലോയുടെ പാർസൽ പെട്ടിയും 7 കിലോയുടെ ബാഗുമായിരുന്നു ഉണ്ടായിരുന്നത്. ഇവരണ്ടും നഷ്ടപ്പെട്ടു.
രഞ്ജിത്ത് നാട്ടിലെത്തുന്നതിനാൽ ക്വാറന്റൈനിൽ കഴിയാൻ പഞ്ചായത്ത് സംവിധാനമൊരുക്കിയിരുന്നതായി വാർഡ് മെമ്പർ സജിത പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന കുണിയയിലെ അബ്ദുൾറാഫിയും കുടുംബവും രഞ്ജിത്തും കാസർകോട് സീതാംഗോളിയിലെ മുഹമ്മദ് ഹനസ് 31, എന്നിവർ സുരക്ഷിതരാണെന്ന് രാത്രി തന്നെ ആശ്വാസവിവരമെത്തിയിരുന്നു.