സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞുകവിഞ്ഞു

കോഴിക്കോട്:  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദിവസങ്ങളായി കണ്ടെയിന്‍മെന്റ് സോണിലാണ്‌ കരിപ്പൂര്‍ വിമാനത്താവളമടങ്ങുന്ന കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും.

അത്യാവശ്യത്തിനല്ലാതെ ആരും കാര്യമായി പുറത്തിറങ്ങാറില്ല. അതുകൊണ്ടു തന്നെ വീടുകളിലായിരുന്നു മിക്കവരും.

ഇതിനിടിലാണ് രാത്രിയിൽ 8 മണിക്ക്   കരിപ്പൂരില്‍ വിമാന അപകടമുണ്ടായിട്ടുണ്ടെന്ന വാര്‍ത്ത പരന്നത്. ആദ്യം സന്ദേശങ്ങളില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയെന്നും, ആളപായമില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെ അപകടത്തിന്റെ ദൃശ്യങ്ങള്‍ പരന്നു. വാഹനങ്ങളുള്ള സമീപവാസികള്‍ ഉടന്‍ എത്തണമെന്നുമുള്ള സന്ദേശങ്ങള്‍ പ്രചരിച്ചു.

കരിപ്പൂരിൽ ടേബിള്‍ ടോപ്പ് വിമാനത്താവളത്തിന്റെ രണ്ടേമുക്കാല്‍ കിലോമീറ്റര്‍ നീളമുള്ള റണ്‍വേ ചെന്നവസാനിക്കുന്നത് ഒരു താഴ്ചയിലേക്കാണ്. കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡാണ് ഇതിന് താഴെ കൂടെ കന്നുപോകുന്നത്. സമീപത്ത് വീടുകളുമുണ്ട്. വലിയ ശബ്ദം കേട്ടാണ് സമീപവാസികള്‍ പുറത്തേക്കിറങ്ങിയത്. പുക ഉയരന്നുമുണ്ടായിരുന്നു.

വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയും മറ്റും വിവരങ്ങളിറിഞ്ഞ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കൊണ്ടോട്ടി-കുന്നുംപുറം ക്രോസ് റോഡിലെ വിമാനത്താവളത്തിന്റെ അതിര്‍ത്തി മതില്‍ ചാടികടന്ന് നാട്ടുകാര്‍ വീണുകിടക്കുന്ന വിമാനത്തിനടുത്തെത്തി.

ഒന്നര മണക്കൂറിനൂള്ളില്‍ വിമാനത്തിലുണ്ടായിരുന്ന 190 പേരേയും ആശുപത്രികളിലെത്തിച്ചു. പൈലറ്റുമാരടക്കം പലര്‍ക്കും ജീവന്‍ നഷ്ടമായി. ആംബുലന്‍സുകളും മറ്റു സജ്ജീകരണങ്ങളും എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റവരില്‍ പലരേയും ആശുപത്രികളിലേക്കെത്തിച്ചിരുന്നു.

വീണു കിടക്കുന്ന വിമാനം തീപിടിച്ച് പൊട്ടിത്തെറിക്കാനുള്ള സാധ്യതയേറെയാണെന്നറിഞ്ഞിട്ടും ഞൊടിയിലുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് നാട്ടുകാരെ ഒട്ടും പിന്തിരിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയം.

കോവിഡ് ആകുലതകൾ മാറ്റിവെച്ചു. മഴയും തടസ്സമായി കണ്ടില്ല. ഇത് നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാതിരിക്കാൻ കാരണമായി.

ആശുപത്രികളിലെത്തിച്ച ശേഷവും കൈയൊഴിഞ്ഞില്ല. ഗുരതരമായ പരിക്കേറ്റിരുന്നവരില്‍ പലര്‍ക്കും രക്തം ആവശ്യമായി വന്നിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മിംസ്, ബേബി മെമ്മേറിയല്‍, മെയ്ത്ര തുടങ്ങിയ ആശുപത്രികളിലേക്ക് രക്തം ആവശ്യമുണ്ടെന്ന സന്ദേശങ്ങള്‍ ബ്ലഡ് ഡൊണേഴ്‌സ് ഗ്രൂപ്പുകളിലും സാമൂഹിക മാധ്യമങ്ങളിലും പരന്നു.

നിമിഷംനേരം കൊണ്ട് ഈ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞു. മഴയും കോവിഡ് ഭീതിയും വകവെക്കാതെ രാത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് രക്തബാങ്കിന് മുന്നിലെത്തിയവരുടെ വരി പ്രത്യേക കാഴ്ചയായിരുന്നു. മലപ്പുറത്ത് നിന്നും മറ്റും രക്തദാന സന്നദ്ധരായി കോഴിക്കോട്ടെ ആശുത്രികളിലെത്തിയ പലരും ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞതറിഞ്ഞ് മടങ്ങി.

ഇതിനിടെ കോവിഡ് കണ്ടെയിന്‍മെന്റ് സോണുകളിലുള്ളവര്‍ രക്തദാനം നടത്തരുതെന്ന് ആരോഗ്യമന്ത്രിയും കോഴിക്കോട് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

LatestDaily

Read Previous

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയ്ക്കെതിരെ കൊലക്കുറ്റക്കേസ്

Read Next

വിമാനത്തിൽ കൂട്ട നിലവിളിയും ബഹളവും കേട്ടു: രഞ്ജിത്ത്