വിമാനദുരന്തത്തിൽ പരിക്കേറ്റ കുണിയ കുടുംബം കാഞ്ഞങ്ങാട്ടെത്തി

പരിക്കേറ്റവർ ജില്ലാ  ആശുപത്രിയിൽ

കാഞ്ഞങ്ങാട് : കോഴിക്കോട് വിമാനദുരന്തത്തിൽ  പരിക്കേറ്റ കുണിയയിലെ നാലംഗ  കുടുംബം ഇന്ന് രാവിലെ 6.30 മണിയോടെ കാഞ്ഞങ്ങാട്ടെത്തി.

പുല്ലൂർ- പെരിയ പഞ്ചായത്തിലെ  കുണിയ സ്വദേശികളായ അബ്ദുൾ റാഫി 39,  ഭാര്യ ആയിഷത്ത്  സലീന 35,  മക്കളായ അബ്ദുൾ ഷഹറാൻ 4,  അബ്ദുള്ള റിഹാൻ 10 എന്നിവരാണ് വിമാനദുരന്തത്തിൽ നിന്നും  പരിക്കുകളോടെ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.

കോഴിക്കോട് നിന്ന് പ്രത്യേക വാഹനത്തിൽ  രാവിലെ കാഞ്ഞങ്ങാട്ടെത്തിയ കുടുംബം പിന്നീട് ഇതേ വാഹനത്തിൽ കുണിയയിലെ വീട്ടിലെത്തി.  പിന്നീട് 10 മണിയോടെ റാഫിയെയും കുടുംബത്തേയും ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ  ജില്ലാ  ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്കും റാഫിയും കുടുംബവും  ജില്ലാ ആശുപത്രിയിലാണ്.  4 പേർക്കും സാരമായ പരിക്കുള്ളതായും എക്സ്റെ ഉൾപ്പെടെയെടുത്ത്  ഡോക്ടറുടെ പരിശോധനാഫലവും  വന്ന ശേഷം മറ്റ്  വിദഗ്ധ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും പറയാനാവുകയുള്ളൂവെന്ന് ബന്ധുക്കൾ ലേറ്റസ്റ്റിനോട് പറഞ്ഞു. അബ്ദുൾ ഷഹറാന് വീട്ടിലെത്തിയ ശേഷം ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു.

റാഫിയും ഭാര്യയും മക്കളും   ദുബായിൽ നിന്നും വരുന്നതിനാൽ വീട്ടിൽ ക്വാറന്റൈൻ സംവിധാനമൊരുക്കിയ  ശേഷം ഇവരെ നാട്ടിലേക്ക്  കൊണ്ടുവരാൻ ബന്ധുക്കൾ  വാഹനവുമായി കോഴിക്കോട്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമില്ലെങ്കിൽ ഇവരെ  പാർപ്പിക്കാൻ കുണിയയിൽ തന്നെ ക്വാറന്റൈൻ സംവിധാനമൊരുക്കും.

ഡോക്ടറുടെ പരിശോധനകൾക്ക് ശേഷം  ഉച്ചയോെട അബ്ദുൾ റാഫിയെയും  കുടുംബത്തെയും   ജില്ലാ ആശുപത്രിയിലെ  ഐസുലേഷൻ വാർഡിലേക്ക് മാറ്റി.

LatestDaily

Read Previous

ബിസ്മില്ല സ്റ്റോർസിൽ കോവിഡ് രോഗമില്ല

Read Next

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ അമ്മയ്ക്കെതിരെ കൊലക്കുറ്റക്കേസ്