അണലിയുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ല

നീലേശ്വരം: പാമ്പുകടിയേറ്റതിനെത്തുടർന്ന്  ജില്ലാ ആശുപത്രിയിലെത്തിയ പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ സ്വദേശിനി വീട്ടമ്മ അർച്ചനയ്ക്ക് 38, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ല.

സർപ്പദംശനമേറ്റ ഈ വീട്ടമ്മയെ പാമ്പു കടിച്ചില്ലെന്ന് സ്വയം തീരുമാനിച്ച ഡ്യൂട്ടി ഡോക്ടർ രണ്ടര മണിക്കൂർ നേരം ഒരു മരുന്നും നൽകാതെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വെറുതെ കിടത്തുകയായിരുന്നു.

ജൂലായ് 21-ന് വൈകുന്നേരം 6-45 മണിക്ക് കുഞ്ഞിപ്പുളിക്കാലിലെ ഭർതൃഗൃഹത്തിൽ വീടിന് പിറകിലുള്ള ചായ്പ്പിൽ വിറകു വലിച്ചെടുക്കുന്നതിനിടയിലാണ് അർച്ചനയുടെ കാലിൽ അണലി കൊത്തിയത്.

തൽസമയം ജോലികഴിഞ്ഞ് കാസർകോട്ട് നിന്ന് വീട്ടിലെത്തിയ ഡിസിആർബി, സബ് ഇൻസ്പെക്ടർ, ലതീഷ് ഉടൻ ഭാര്യയെ ഒരു വാഹനത്തിൽക്കയറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

യാത്രയിൽ ജില്ലാ ആശുപത്രിയിലേക്ക് ഫോണിൽ വിളിച്ച് വിഷം തീണ്ടിയതിനുള്ള മരുന്ന് ആന്റിവെനം ഉണ്ടോയെന്നും ഭർത്താവ് അന്വേഷിച്ചപ്പോൾ, ഉണ്ട് രോഗിയെ ഉടൻ ആശുപത്രിയിലെത്തിക്കാനും ജില്ലാ ആശുപത്രിയിൽ നിന്ന് നിർദ്ദേശം ലഭിച്ചു.

നീലേശ്വരം പള്ളിക്കര റെയിൽവെ ഗെയിറ്റിന് കിഴക്കുഭാഗത്ത് നിന്ന് നീലേശ്വരം പ്രഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിലുള്ള വീട്ടിൽ നിന്ന് 20 നിമിഷങ്ങൾക്കുള്ളിൽ അർച്ചനയെ  ജില്ലാആശുപത്രിയിലെത്തിച്ചു.

ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിച്ച വീട്ടമ്മ തന്റെ കാലിൽ  പാമ്പു കടിച്ചുവെന്നും, കടിച്ച പാമ്പ് അണലിയാണെന്നും, പാമ്പിനെ ഉടൻ അടിച്ചു കൊന്നുവെന്നും  ഭർത്താവും ഡോക്ടറോട് തുറന്നു പറഞ്ഞുവെങ്കിലും , അർച്ചനയെ പാമ്പു കടിച്ചിട്ടില്ലെന്നും, വിഷം തീണ്ടിയിട്ടില്ലെന്നും ഡ്യൂട്ടി ഡോക്ടർ തറപ്പിച്ചു പറയുകയായിരുന്നു.

വീട്ടമ്മയെ ഉടൻ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഒരു മൂലയിൽ മാറ്റിക്കിടത്തിയത് രണ്ടര മണിക്കൂർ നേരമാണ്.

ഈ സമയത്രയും യുവതിയുടെ ഭർത്താവായ പോലീസുദ്യോഗസ്ഥൻ ലതീഷ് ഭാര്യയുടെ നില മോശമായിക്കൊണ്ടിരിക്കയാണെന്ന് നിരന്തരം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, അപ്പോഴും അർച്ചനയെ പാമ്പ് കടിച്ചിട്ടില്ലെന്നും, വിഷം തീണ്ടാത്ത രോഗിക്ക് വെറുതെ ആന്റിവെനം മരുന്ന് കുത്തിവെക്കാൻ കഴിയില്ലെന്നും പറയുകയായിരുന്നു.

രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ ബോധം മറിയാൻ തുടങ്ങിയ വീട്ടമ്മ കിടന്നകിടപ്പിൽത്തന്നെ മലശോധന നടത്തി, മൂത്രവു പുറത്തു വന്നു.

ആശുപത്രിക്കിടക്കയിലുണ്ടായ മലവിസർജ്ജനം വൃത്തിയാക്കിക്കൊടുക്കാൻ ഡോക്ടർ ഭർത്താവിനോടാവശ്യപ്പെട്ടു.

ഗത്യന്തരമില്ലാതെ, പരിഭ്രാന്തനായി നിൽക്കുകയായിരുന്ന ഭർത്താവ് ലതീഷ് ഭാര്യയുടെ വിസർജ്ജം രണ്ടു തവണ തുടച്ചു വൃത്തിയാക്കിയെങ്കിലും, തുടർച്ചയായി 12 തവണ വീട്ടമ്മയ്ക്ക് മലവിസർജ്ജനമുണ്ടായി.

12 തവണയും വിസർജ്ജനം വൃത്തിയാക്കിക്കഴിയുമ്പോഴേക്കും യുവതി അർദ്ധ ബോധാവസ്ഥയിലായിരുന്നു.

രോഗിയുടെ അബോധ നില തിരിച്ചറിഞ്ഞ ഡോക്ടർ വീട്ടമ്മയെ ഉടൻ പരിയാരം മെഡിക്കൽ കോളേജിലെത്തിക്കാൻ നിർദ്ദേശിച്ചു.

രാത്രി 9-30 മണിയോടെ അർച്ചനയെ പരിയാരത്തേക്ക്  കൊണ്ടുപോയെങ്കിലും, കൊറോണ ഭീതിയാണെന്ന് കരുതുന്നു, അത്യാഹിത വിഭാഗത്തിലും യുവതിക്ക് ചികിത്സ ലഭിച്ചില്ല.

സർപ്പദംശനമേറ്റ് ബോധരഹിതയായ സ്ത്രീയാണെന്ന് ഉറപ്പിച്ച മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അർച്ചനയെ കണ്ണൂരിലുള്ള  മിംസ് ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു.

ഭർത്താവ് ഒട്ടും വൈകാതെ മിംസ് ആശുപത്രിയിലേക്കുള്ള യാത്രയിൽ അർച്ചനയുടെ നില അതീവഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഭർത്താവ് യാത്രാവഴിയിൽ ഭാര്യയെ കണ്ണൂർ ഏകെജി ആശുപത്രിയിലെത്തിച്ചുവെങ്കിലും , രോഗിയുടെ അത്യാസന്ന നില മനസ്സിലാക്കിയ ഏകെജി ആശുപത്രി അധികൃതരും യുവതിയെ ഏറ്റെടുത്തില്ല.

വീണ്ടും കണ്ണൂർ ടൗണിൽ നിന്ന് 7 മീറ്റർ കി.മീറ്റർ ദൂരെയുള്ള മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും, അപ്പോഴേയ്ക്കും  യുവതിയുടെ നില ഏറെ പരിതാപകരമായി മാറിയിരുന്നു.

അണലി കൊത്തിയ കാൽപ്പാദം ഉടൻ മുറിച്ചു മാറ്റണമെന്ന് മിംസ് ആശുപത്രിയിലെ ഡോക്ടർമാർ വിധിച്ചതനുസരിച്ച് രണ്ടു ദിവസങ്ങൾക്ക് പാമ്പു കടിയേറ്റ ഭാഗം കാൽ പാദം മുറിച്ചു മാറ്റുകയും ചയ്തു.

അർച്ചനയ്ക്ക് നഷ്ടപ്പെട്ട ബോധം പിറ്റേദിവസവും തിരിച്ചു കിട്ടിയിരുന്നില്ല.

നാലുനാൾ യുവതി മിംസ് ആശുപത്രിയിൽ കഴിഞ്ഞുവെങ്കിലും, മൂന്നാം നാൾ കാൽ മുട്ടിന് മുകളിൽ മുറിച്ചു മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.

മേജർ ശസ്ത്രക്രിയ ആയതിനാൽ വീട്ടമ്മയെ കോഴിക്കോട് മിംസിലേക്ക് മാറ്റി.

കോഴിക്കോട് മിംസിൽ അർച്ചനയുടെ പാമ്പുകടിയേറ്റ കാൽ മുട്ടിന് മുകളിൽ മുറിച്ചു മാറ്റിയെങ്കിലും അപ്പോഴേയ്ക്കും യുവതി മരണത്തെ പുൽകിയിരുന്നു.

കണ്ണൂർ പെരളശ്ശേരി സ്വദേശിനിയായ ഈ വീട്ടമ്മയ്ക്ക് പതിനൊന്നിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ടാൺകുട്ടികളുണ്ട്.

ഭർത്താവ് ലതീഷ് കാസർകോട് ജില്ലാ പോലീസ് ആസ്ഥാനത്തുള്ള ക്രൈം റെക്കാർഡ്സ് ബ്യൂറോയിലെ ഗ്രേഡ് സബ് ഇൻസ്പെക്ടറാണ്.

അർച്ചനയുടെ മരണം ഊതിക്കെടുത്തിയത് ഒരു കുടുംബത്തിന്റെ എക്കാലത്തേയും പ്രതീക്ഷകൾ നിറഞ്ഞ ജീവിതമാണ്.

Read Previous

കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡണ്ടനെ നീക്കി

Read Next

ആൻമരിയയുടെ മരണം ഭക്ഷ്യവിഷബാധമൂലം ഐസ്ക്രീമിൽ എലിവിഷം കലർന്നു