മുൻ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയ 7 പോലീസുദ്യോഗസ്ഥർ വരുമാനമുള്ള സ്റ്റേഷനുകളിൽ നുഴഞ്ഞുകയറാൻ നീക്കം

ബേക്കൽ: പരാതിക്കാരിൽ നിന്നുള്ള ധന സമ്പാദന ആരോപണം അതിശക്തമായതിനെ തുടർന്നുണ്ടായ പരാതികൾ മൂലം മുൻജില്ലാ പോലീസ് മേധാവി പി.എസ്. സാബു 2020 ജുലായിൽ സ്ഥലം മാറ്റിയ11 പോലീസ് ഉദ്യോഗസ്ഥരിൽ ആറുപേർ വീണ്ടും കാസർകോടിന്റെ വരുമാനമുള്ള പോലീസ് സ്റ്റേഷനുകളിൽ കയറിപ്പറ്റാൻ രഹസ്യനീക്കം തുടങ്ങി. ഇവരിൽ ഒരു പോലീസ് സബ്ബ് ഇൻസ്പെക്ടറുമുണ്ട്.പോലീസ് മോധാവിയുടെ ഉത്തരവിൽ ടി.കെ മുകുന്ദൻ, എസ്ഐയെ ആദൂരിൽ നിന്ന് തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.

ബാലചന്ദ്രൻ എസ്്സിപിഒ ജി- 1200 കുമ്പളയിൽ നിന്ന് ബേക്കൽ സ്റ്റേഷനിലേക്കും, ജോസി ജോസഫ് ജി-1102 ഹൊസ്ദുർഗിൽ നിന്ന് കുമ്പള കോസ്റ്റലിലേക്കും, മുത്തലിബ് ജി- 1056  ബേക്കൽ കോസ്റ്റൽ പോലീസിൽ നിന്ന് കുമ്പള കോസ്റ്റലിലേക്കും, സുവർണ്ണൻ ജി- 1148 ഹൊസ്ദുർഗിൽ നിന്ന് തൃക്കരിപ്പൂർ കോസ്റ്റലിലേക്കും, പ്രമോദ് ജി. 2043 വിദ്യാനഗറിൽ നിന്ന് ജില്ലാ പോലീസ് ആസ്ഥാനത്തേക്കും,പ്രകാശൻ ജി- 2043 വിദ്യാനഗറിൽ നിന്ന് ജില്ലാ പോലീസ് ആസ്ഥാനത്തേക്കും , അജയ്കുമാർ ജി-1849 ഹൊസ്ദുർഗിൽ നിന്ന് ജില്ലാ പോലീസ് ആസ്ഥാനത്തോക്കും, സജേഷ് ജി- 2507 കാഞ്ഞങ്ങാട് കൺട്രോൾ റൂമിൽ നിന്ന് ജില്ലാ പോലീസ് ആസ്ഥാനത്തേക്കും, പ്രസാദ് ജി- 2575 ബദിയടുക്കയിൽ നിന്ന് ജില്ലാ പോലീസ് ആസ്ഥാനത്തേക്കും മാറ്റിയത് പണം ചോദിച്ചുവാങ്ങുന്നുവെന്ന ഇന്റലിജൻസിന്റെയും, പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോർട്ടിനെ മുൻനിർത്തിയാണ്.

2020 മെയ് 30-നാണ് എസ്പിയായിരുന്ന പി.എസ്. സാബു ഈ ഉത്തരവ് പുറത്തുവിട്ടത്.

നിർദ്ദേശമനുസരിച്ച് നേരിട്ടുള്ള എസ്ഐയായ ടി.കെ. മുകുന്ദനടക്കം ആരോപണ വിധേയരായ 11 പേരും, ഉത്തരവിൽ നിർദ്ദേശിച്ച പോലീസ് സ്റ്റേഷനുകളിൽ  ചുമതലയേറ്റിരുന്നു.

ഇവരിൽ എസ്ഐ രാജീവ്കുമാർ, ജോസിജോസഫ്, പ്രമോദ് സിപിഒ 2043, പ്രകാശൻ സിപിഒ 2168 എന്നിവർ ഒഴികെയുള്ള ഉദ്യോഗസ്ഥർ ഇപ്പോൾ അതിർത്തി ദേശത്ത് നല്ല വരുമാനമുള്ള പോലീസ് സ്റ്റേഷനുകളിൽ കയറിപ്പറ്റാൻ ഭരണപക്ഷ നേതാക്കളെയും, പോലീസ് സംഘടനാ നേതാക്കളെയും സ്വാധീനിച്ചുവരികയാണ്.

എസ്ഐ, ടി.കെ. മുകുന്ദൻ ചെറുവത്തൂർ, തുരുത്തി സ്വദേശിയാണ്. ഹൊസ്ദുർഗിൽ പ്രിൻസിപ്പൽ എസ്്ഐയുടെ ചുമതല വഹിച്ചിരുന്ന മുകുന്ദനെ സാമ്പത്തിക ആരോപണത്തെത്തുടർന്ന് ആദ്യം നീലേശ്വരം സബ്ബ് ഇൻസ്പെക്ടറായി മാറ്റിയിരുന്നു.

നീലേശ്വരത്തും മുകുന്ദനെതിരെ സാമ്പത്തിക ആരോപണമുയർന്നപ്പോൾ, ആദൂർ സ്റ്റേഷനിലേക്ക് മാറ്റി.

ആദൂരിൽ സ്ഥിതി ഗുരുതരമായപ്പോഴാണ് മുകുന്ദനെ തൈക്കടപ്പുറം അഴിത്തല കോസ്റ്റൽ പോലീസിലേക്ക് മാറ്റിയത്.

മറ്റൊരു സിവിൽ പോലീസ് ഓഫീസർ ബാലചന്ദ്രൻ കാലിക്കടവ് സ്വദേശിയാണ്. കടുത്ത ധനസമ്പാദന ആരോപണത്തെത്തുടർന്നാണ് ബാലചന്ദ്രനെ തളങ്കര തീരദേശ പോലീസിലേക്ക് മാറ്റിയിരുന്നത്.

മുത്തലിബ് കാലിക്കടവ് സ്വദേശിയാണ്. കൈക്കൂലി അതിരുകടന്നപ്പോഴാണ് കുമ്പള ഷിറിയ തീരദേശ പോലീസിൽ മാറ്റി ഇരിപ്പിടം കൊടുത്തത്.

സുവർണ്ണൻ ഗ്രേഡ് എസ്്ഐ, കരിവെള്ളൂർ പാലത്തേര സ്വദേശിയാണ്. ഹൊസ്ദുർഗിൽ സേവനത്തിലിരുന്നപ്പോൾ പോലീസ് കോമ്പൗണ്ടിലുള്ള ഭക്ഷണശാല അങ്ങേയറ്റം ലാഭകരമായി നടത്തിയ ആളാണ് സുവർണ്ണൻ.

അക്കാലത്ത് പോലീസ് മെസ്സിൽ പൊരിച്ച മീനും, മീൻകറിയും സുലഭമായിരുന്നു. പക്ഷേ, മീൻ മെസ്സിലെത്തിച്ചവർ പണം കിട്ടാത്തതിനാൽ മേലുദ്യോഗസ്ഥനോട് പരാതി പറഞ്ഞപ്പോഴാണ് അടുക്കളയുടെ ലാഭരഹസ്യം പുറത്തുവന്നത്.

സിവിൽ പോലീസുകാരായ സജേഷിനെ ഹൊസ്ദുർഗ് കൺട്രോൾ റൂമിൽനിന്ന് പോലീസ് ആസ്ഥാനത്തും, പ്രസാദിനെ ചന്തേരയിൽ നിന്ന് ബദിയടുക്കയിലേക്കും,  സ്ഥലം മാറ്റിയത് കൈക്കൂലിക്ക് വേണ്ടിയുള്ള ഇരക്കൽ ബോധ്യപ്പെട്ടതിനാലാണ്.

സിപിഒ അജയ്കുമാറിനെ പോലീസ് ആസ്ഥാനത്തിട്ടതും, സാമ്പത്തിക ആരോപണമുയർന്നതിനാലാണ്.

ഈ പോലീസ് ഉദ്യോഗസ്ഥർ ആരേയും ജനങ്ങൾ നിത്യവും ബന്ധപ്പെടുന്ന ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിയമിക്കരുതെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

LatestDaily

Read Previous

കഞ്ചാവ് മാഫിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു: 6 പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

Read Next

അബ്ദുൾ വഹാബും ഇ.ടി പക്ഷം ചേരും